തൃശൂരങ്ങെടുത്ത് സൂപ്പ‌ർ ഗോപി

Wednesday 05 June 2024 4:31 AM IST

തൃശൂർ: തൃശൂർ ഞാനിങ്ങെടുക്കുവാ... സുരേഷ് ഗോപി പ്രചാരണം തുടങ്ങിയ പഞ്ച് ഡയലോഗ്. ഒടുവിൽ,​ രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ച് തൃശൂർ എടുക്കുകതെന്നെ ചെയ്തു സൂപ്പർ സ്റ്റാർ. 74,​688 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ...

കേരളത്തിൽ നിന്ന് ബി.ജെ.പിക്ക് ആദ്യ ലോക്‌സഭാംഗം. ഈ പ്രഭ ശിരസ്സിലണിഞ്ഞാണ് സുരേഷ്ഗോപി ഡൽഹിക്ക് പോകുന്നത്. രാജ്യസഭാംഗം ആയിരിക്കേതന്നെ തൃശൂർ പ്രവർത്തന മണ്ഡലമാക്കിയ സുരേഷ് ഗോപിയെ വോട്ടർമാർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. അത് യു.ഡി.എഫിനും എൽ.ഡി.എഫിനും മാരക പ്രഹരവുമായി. സംസ്ഥാനമൊട്ടാകെ യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചിട്ടും കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിൽ കെ.മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സി.പി.ഐയുടെ വി.എസ്.സുനിൽകുമാർ രണ്ടാമതെത്തി.

പതിനാല് റൗണ്ട് വോട്ടെണ്ണൽ കഴിയുംവരെ മുരളീധരൻ മൂന്നാം സ്ഥാനത്തായിരുന്നു. സുരേഷ് ഗോപി ഒരിക്കൽപ്പോലും പിന്നിൽ പോയതുമില്ല. കഴിഞ്ഞ തവണത്തേക്കാൾ ഒരു ലക്ഷത്തിലേറെ വോട്ട് കൂടുതൽ നേടി.

ജയിച്ചാൽ കേന്ദ്രമന്ത്രിയെന്ന പ്രചാരണവും വ്യക്തിപ്രഭാവവും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ കൈവരിച്ച പ്രതിച്ഛായയും സുരേഷ്‌ഗോപിയെ രാഷ്ട്രീയതാരമാക്കി. സ്ത്രീകളും കന്നിവോട്ടർമാരും ചെറുപ്പക്കാരും തുണച്ചു. കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം അവർക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. കരുവന്നൂർ തട്ടിപ്പ് കേസിലെ ഇ.ഡി,​ ആദായനികുതി വകുപ്പ് അന്വേഷണങ്ങളും മോദിയെ ഇറക്കിയുള്ള പ്രചാരണവും ഇടതുമുന്നണിയെയും ഉലച്ചു. പ്രചാരണസമയത്തെ പൂരവിവാദവും ദോഷം ചെയ്തു.

Advertisement
Advertisement