ഡി.എം.കെ ചോദിച്ച 40ൽ 40 നൽകി തമിഴ് ജനത

Wednesday 05 June 2024 1:30 AM IST

ചെന്നൈ: കേരളത്തിൽ അക്കൗണ്ട് തുറക്കുകയും തെലങ്കാനയിലും ആന്ധ്രയിലും നേട്ടമുണ്ടാക്കുകയും ചെയ്‌തപ്പോഴും ദക്ഷിണേന്ത്യയിൽ ബി.ജെ.പി പ്രതീക്ഷ അർപ്പിച്ച തമിഴ്നാട് നിരാശപ്പെടുത്തി. എം.കെ.സ്റ്റാലിന്റെ കരുത്തിൽ മുഴുവൻ സീറ്റും ഡി.എം.കെയും സഖ്യകക്ഷികളും നേടി. പുതുച്ചേരി ഉൾപ്പെടെ 40ൽ 40 എന്നായിരുന്നു ഡ‌ി.എം.കെയുടെ പ്രചാരണം. അത് യാഥാർത്ഥ്യമായി.

കഴിഞ്ഞ തവണ കൈവിട്ട ഏക സീറ്റായ തേനി ഉൾപ്പെടെ ഡി.എം.കെ സ്വന്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച നിന്ന അണ്ണാ ഡി.എം.കെയും ബി.ജെ.പിയും ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് രണ്ടു തട്ടിലായത് ‌ഡി.എം.കെയ്‌ക്ക് കാര്യങ്ങൾ എളുപ്പമാക്കി. പ്രതീക്ഷ കുറഞ്ഞ ധർമ്മപുരിയിലും ജയിച്ചു. ഇവിടെ എൻ.ഡി.എയുടെ സൗമ്യ അൻപുമണിയെ ഡി.എം.കെയുടെ എ.മണി 21,300 വോട്ടിന് തോൽപ്പിച്ചു.

അണ്ണാമലൈക്ക് തോൽവി

ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷയുണ്ടായിരുന്ന കോയമ്പത്തൂർ, തിരുനെൽവേലി, വെല്ലൂർ, കന്യാകുമാരി, ചെന്നൈ സൗത്ത് മണ്ഡലങ്ങളിലൊന്നും ജയിക്കാനായില്ല. സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ കോയമ്പത്തൂരിൽ നാടിളക്കി പ്രചാരണം നടത്തിയെങ്കിലും വോട്ടായില്ല. വിരുദുനഗറിൽ ചലച്ചിത്രതാരം രാധിക ശരത്‌കുമാർ മൂന്നാം സ്ഥാനത്തായി. ഡി.എം.കെ മുന്നണിയുടെ ഭാഗമായ എം.ഡി.എം.കെയുടെ ചെയർമാൻ വൈക്കോയുടെ മകൻ ദുരൈ വൈക്കോ മൂന്നു ലക്ഷത്തിലേറെ വോട്ടിനാണ് തിരുച്ചിറപ്പള്ളിയിൽ ജയിച്ചത്. പ്രധാന പ്രതിപക്ഷമായ അണ്ണാ ഡി.എം.കെയ്ക്കും സീറ്റൊന്നു ലഭിച്ചില്ല.

ഇടതുപാർട്ടികൾക്ക് നാല്

സി.പി.എം, സി.പി.ഐ രണ്ടു സീറ്റ് വീതം നിലനിറുത്തി. സി.പി.എം മധുരയിലും (സു.വെങ്കിടേശൻ) ദിണ്ടിഗല്ലിലും (സച്ചിദാനന്ദം) ജയിച്ചു. സി.പി.ഐ തിരുപ്പൂരും (കെ.സുബരായൻ) നാഗപട്ടണവും ( വി.സെൽവരാജ്) നിലനിറുത്തി. കോൺഗ്രസ് 9, വി.സി.കെ 2 എന്നിങ്ങനെയാണ് സീറ്റ് നില. പുതുച്ചേരിയിൽ കോൺഗ്രസിന്റെ വി.വൈത്തിലിംഗം ജയം ആവർത്തിച്ചു.

Advertisement
Advertisement