യു.ഡി.എഫ് തരംഗത്തിൽ വീണ്ടും തകർന്നടിഞ്ഞ് ഇടത് കോട്ടകൾ

Wednesday 05 June 2024 2:42 AM IST
  • ഇരു മുന്നണിയിലും ആശങ്ക ഉയർത്തി ബി.ജെ.പി മുന്നേറ്റം

തിരുവനന്തപുരം: ശബരിമല വിഷയവും രാഹുൽ ഗാന്ധിയുടെ സ്ഥാനാ‌ർത്ഥിത്വവും 2019ൽ സൃഷ്ടിച്ച

അനുകൂലതരംഗം ഇക്കുറി ഇല്ലാതിരിന്നിട്ടും കൊടുങ്കാറ്റായി യു.ഡി.എഫ് ആഞ്ഞടിച്ചപ്പോൾ ഇടതുകോട്ടകൾ

പലതും ഒരിക്കൽക്കൂടി കടപുഴകി.

ഇടതുവി‌ജയം 2019ലേതിന് സമാനമായി ഒരു സീറ്റിലൊതുങ്ങി. യു.ഡി.എഫിന് നഷ്ടമായത് ഒരു സീറ്റ് മാത്രവും. അതേസമയം, ബി.ജെ.പി തൃശൂരിൽ മുക്കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പാർലമെന്റിലേക്ക് അക്കൗണ്ട് തുറന്നതും തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ വോട്ടെണ്ണലിന്റെ അവസാന നിമിഷംവരെ എതിരാളികളെ വിറപ്പിച്ചതും എൽ.ഡി.എഫ്, യു.ഡി.എഫ് ക്യാമ്പുകളിൽ ഉയർത്തുന്ന ആശങ്കയും അങ്കലാപ്പും ചില്ലറയല്ല. ബി.ജെ.പി മുന്നേറ്റം അടുത്ത തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബൂമറാങ്ങാകുമോ എന്നാണ് രണ്ട് പ്രബല മുന്നണികളുടെയും ഉൾഭയം.

2019ൽ നേടിയ 19 സീറ്റിൽ തൃശൂരും ആലത്തൂരും കൈവിട്ടെങ്കിലും, 17 എണ്ണം നിലനിറുത്താനും സി.പി.എമ്മിന്റെ ഏക സിറ്റിംഗ് സീറ്റായ ആലപ്പുഴ പിടിച്ചെടുക്കാനും കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് കോൺഗ്രസും യു.ഡി.എഫും. തകർച്ചയുടെ കയത്തിൽ വീണ്ടും ആഴ്ന്നുപോയിട്ടും ആലപ്പുഴ കൈവിട്ടിട്ടും കഴിഞ്ഞ തവണ വഴുതിപ്പോയ

ആലത്തൂർ തിരിച്ചുപിടിക്കാനായത് എൽ.ഡി.എഫിന്റെ കച്ചിത്തുരുമ്പ്. കേരളത്തിൽ തങ്ങൾ അക്കൗണ്ട് തുറക്കില്ലെന്ന ഇടത്, വലതു മുന്നണികളുടെ വീരവാദങ്ങൾ പൊളിച്ച ബി.ജെ.പിയുടെ വിജയത്തിന് മധുരംകൂടും. ബി.ജെ.പി വിജയത്തിൽ പരസ്പരം പഴിചാരുകയാണ് എൽ.ഡി.എഫും യു.ഡി.എഫും.

  • ഭരണവിരുദ്ധവികാരം ശക്തം

മൂന്ന് വർഷം പിന്നിട്ട രണ്ടാം പിണറായി സർക്കാരിന്റെ ഭരണത്തിനെതിരായ വികാരമാണ് എൽ.ഡി.എഫിന്റെ തകർച്ചയ്ക്ക് വഴിയൊരുക്കിയതെന്നാണ് പൊതു വിലയിരുത്തൽ. കരുവന്നൂർ, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകൾ, പെൻഷൻ കുടിശ്ശികകൾ, സപ്ളൈകോ സബ്സിഡി സാധനങ്ങളുടെ ക്ഷാമം, അതിരൂക്ഷമായ വിലക്കറ്റത്തിനിടയിലെ ഇന്ധന സെസ്, ശമ്പള പരിഷ്കരണ, ക്ഷാമബത്ത കുടിശ്ശികകളിലെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അമർഷം എന്നിവയെല്ലാം സർക്കാർ വിരുദ്ധവികാരം സൃഷ്ടിച്ചു. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലെ കടുത്ത മരുന്ന് ക്ഷാമവും ആവർത്തിക്കുന്ന ചികിത്സാപ്പിഴവുകളും ക്രിമിനലുകളെയും ഗുണ്ടകളെയും സംരക്ഷിക്കുന്ന പൊലീസ് നടപടികളും സിദ്ധാർത്ഥിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായ എസ്.എഫ്.ഐക്കാർക്ക് ലഭിച്ച സർക്കാർ സംരക്ഷണവുമെല്ലാം ജനമനസുകളിൽ അമർഷം നിറച്ചു.

  • പാളിപ്പോയ പ്രചാരണം

ജനജീവിതം പൊറുതിമുട്ടുന്ന സമയത്തെ സർക്കാർ ധൂർത്തും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബ സമേതമുള്ള വിദേശയാത്രകളും മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസും പ്രതിപക്ഷം ആയുധമാക്കി. പയറ്റിപ്പഴകിയ പൗരത്വഭേദഗതി നിയമത്തിലും അമിതമായ രാഹുൽ വിമർശനത്തിലും കേന്ദ്രീകരിച്ചുള്ള പ്രചാരണവും ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രകീർത്തിച്ചുള്ള കൺവീനർ ഇ.പി.‌ജയരാജന്റെ പരാമർശവും എൽ.ഡി.എഫിനെ ആത്യന്തികമായി പിന്നോട്ടടിച്ചു.

Advertisement
Advertisement