ഡൽഹിയിൽ കേജ്‌രി ഇഫക്ട് ഇല്ല, ഏഴിലും ബി.ജെ.പി വാഴ്ച, പഞ്ചാബ് 'കൈ'ക്കുമ്പിളിൽ

Wednesday 05 June 2024 2:52 AM IST

ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് ഇക്കുറിയും രക്ഷയില്ല. രാജ്യതലസ്ഥാനത്തെ ഏഴു സീറ്റുകളും ബി.ജെ.പി നിലനിർത്തി. ജെ.എൻ.യു മുൻ വിദ്യാർത്ഥിനേതാവും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ കനയ്യകുമാർ ഒന്നര ലക്ഷത്തിൽപ്പരം വോട്ടുകൾക്ക് തോറ്റതും 'ഇന്ത്യ" സഖ്യത്തിന് ഇരട്ടപ്രഹരമായി. നോർത്ത് ഈസ്റ്റ് മണ്ഡലത്തിൽ ഭോജ്പുരി നടനും സിറ്റിംഗ് എം.പിയുമായ ബി.ജെ.പിയുടെ മനോജ് തിവാരിയാണ് കനയ്യയെ മലർത്തിയടിച്ചത്. ന്യൂഡൽഹി മണ്ഡലത്തിൽ മുൻ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ മകളും ബി.ജെ.പി സ്ഥാനാർത്ഥിയുമായ ബാൻസുരി സ്വരാജ്,​ ആം ആദ്മി പാർട്ടിയിലെ സോംനാഥ് ഭാരതിയെ അരലക്ഷത്തിൽപ്പരം വോട്ടുകൾക്ക് തോൽപ്പിച്ചു. മദ്യനയക്കേസിൽ ജാമ്യത്തിലിറങ്ങി അരവിന്ദ് കേജ്‌രിവാൾ നടത്തിയ പ്രചാരണവും എ.എ.പിയെ തുണച്ചില്ലെന്ന് ഡൽഹിയിലെ ഫലം വ്യക്തമാക്കുന്നു.

  • ബി.ജെ.പിയുടെ മറ്റു വിജയികൾ

 ചാന്ദ്നി ചൗക്ക് - പ്രവീൺ ഖണ്ഡേൽവാൽ

 ഈസ്റ്റ് ഡൽഹി - ഹർഷ് മൽഹോത്ര

 നോർത്ത് വെസ്റ്റ് ഡൽഹി - യോഗേന്ദർ ചണ്ഡോലിയ

 സൗത്ത് ഡൽഹി - രാംവീർ സിംഗ് ബിധുരി

 വെസ്റ്റ് ഡൽഹി - കമൽജീത് സെഹ്‌രാവത്

പഞ്ചാബിൽ ബി.ജെ.പി ശൂന്യം

പഞ്ചാബിലെ 13 സീറ്റിലും മത്സരിച്ച ബി.ജെ.പിക്ക് ഒരിടത്തുപോലും ജയിക്കാനായില്ല. 2019ലെ അഞ്ചിൽ നിന്ന് പൂജ്യത്തിലേക്ക് അവർ കൂപ്പുകുത്തി. കേന്ദ്രസർക്കാരിനെതിരെ കർഷകരോഷം ആളിക്കത്തുന്നതിനിടെ നടന്ന തിരഞ്ഞെടുപ്പിൽ ഏഴു സീറ്രുകളോടെ കോൺഗ്രസ് നേട്ടം കൊയ്തു. 2019ൽ കോൺഗ്രസ് എട്ടിടത്ത് ജയിച്ചിരുന്നെങ്കിലും രവ്നീത് സിംഗ് ബിട്ടു, അമരീന്ദർ സിംഗിന്റെ ഭാര്യ പ്രണീത് കൗർ എന്നിവർ ബി.ജെ.പിയിലേക്ക് ചേക്കേറിയിരുന്നു. ഇത്തവണ പട്യാലയിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച പ്രണീത് കൗർ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോൺഗ്രസിലെ ഡോ. ധരംവീര ഗാന്ധി ഇവിടെ വിജയിച്ചു. 'ഇന്ത്യ" സഖ്യമില്ലാതെ ഒറ്റയ്ക്കു മത്സരിച്ച എ.എ.പി മൂന്നിടത്തും ശിരോമണി അകാലിദൾ ഒരു സീറ്രിലും മറ്റുള്ളവർ രണ്ടിടത്തും ജയിച്ചു.

Advertisement
Advertisement