ദേഷ്യം വന്നാൽ.... വെറുതെ വിടില്ല !

Wednesday 05 June 2024 7:29 AM IST

ന്യൂയോർക്ക്: ഈ ഓക്ക് മരത്തെ കണ്ടില്ലേ.... ഇതൊരു സാധാരണ ഓക്ക് മരമല്ല. ഈ മരത്തിൽ എന്തെങ്കിലും കേടുപാട് വരുത്തിയാലോ മരത്തെ അപമാനിക്കുന്ന തരത്തിലെ വാക്കുകളോ പ്രവൃത്തികളോ ഉണ്ടായാലോ ആരാണോ അത് ചെയ്തത്, അവരെ ഈ മരം വെറുതെ വിടില്ല.! അവർ മടങ്ങി പോകുന്ന വഴി വാഹനാപകടത്തിന്റെ രൂപത്തിലോ മറ്റോ ഏതെങ്കിലും തരത്തിലുള്ള അപകടം സംഭവിക്കുമെന്നാണ് നാട്ടുകാരുടെ വിശ്വാസം.! യു.എസിലെ ന്യൂജേഴ്സിയിലെ ബെർണാഡ്സ് ടൗൺഷിപ്പിലെ വിജനമായ പ്രദേശത്താണ് ഈ വിചിത്ര ഓക്ക് മരം ഉള്ളത്. കാഴ്ചയിൽ തന്നെ ഭയപ്പെടുത്തുന്ന ഈ മരം അറിയപ്പെടുന്നത് 'ഡെവിൾസ് ട്രീ ' എന്നാണ്. ഏകദേശം 200ലേറെ വർഷം പഴക്കമുണ്ട് ഡെവിൾസ് ട്രീയ്ക്ക്. നാട്ടുകാർ ചെകുത്താന്റെ പ്രതീകമായി കാണുന്ന ഈ മരത്തിന് ശാപം കിട്ടിയതാണെന്നാണ് വിശ്വാസം. 2007 മുതൽ പ്രത്യേക പാർക്ക് ആക്കി പൊതുജനങ്ങൾക്ക് വേണ്ടി തുറന്ന് കൊടുത്തിരിക്കുന്നതാണ് ഡെവിൾസ് ട്രീ നിൽക്കുന്ന ഭാഗം. പക്ഷേ, സൂര്യാസ്‌തമയം കഴിഞ്ഞ് അരമണിക്കൂറിന് ശേഷം പാർക്കിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല. ഡെവിൾസ് ട്രീയെ അടുത്ത് ശ്രദ്ധിച്ചാൽ അതിനെ നശിപ്പിക്കാൻ പലതവണ ശ്രമം നടന്നതായി തടിയിലെ പാടുകളിലൂടെ വ്യക്തമാകും. പ്രദേശത്ത് വികസന പ്രവർത്തനങ്ങൾ നടക്കുന്ന സമയത്താണ് അതൊന്നും ഡെവിൾസ് ട്രീയെ ബാധിക്കാതിരിക്കാൻ അധികൃതർ മരത്തിന്റെ തടിയിൽ പ്രത്യേക വേലികൾ സ്ഥാപിച്ചത്. എന്തുകൊണ്ടാണ് ഡെവിൾസ് ട്രീയെ ഇത്ര ഭയപ്പെടുന്നത്. ? നിരവധി കഥകളാണ് ഇതിന് പിന്നിൽ. കൊളോണിയൽ കാലഘട്ടത്തിൽ വെളുത്ത വർഗക്കാർ ആഫ്രിക്കൻ അമേരിക്കൻ വംശജരെയും അടിമകളുടെയും ഡെവിൾസ് ട്രീയുടെ ശിഖരങ്ങളിൽ തൂക്കി കൊന്നിരുന്നതായാണ് ഒരു വാദം. 1990കളുടെ തുടക്കത്തിൽ ഒരു കർഷകൻ തന്റെ കുടുംബാംഗങ്ങളെയെല്ലാം മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയ ശേഷം ഡെവിൾസ് ട്രീയിൽ തൂങ്ങി മരിച്ചെന്നും പറയപ്പെടുന്നു. ഡെവിൾസ് ട്രീയുടെ ശിഖരങ്ങളിൽ ആരോ തൂങ്ങി നിൽക്കുന്ന പോലുള്ള നിഴൽ കണ്ടിട്ടുണ്ടെന്നാണ് ചിലർ പറയുന്നത്. കൂടാതെ, ഡെവിൾസ് ട്രീയുടെ അടുത്തേക്ക് പോകുന്നവരെ ഒരു കറുത്ത ട്രക്ക് പിന്തുടരുമെന്നും ഡെവിൾസ് ട്രീയെ തൊടുന്നവരുടെ കൈ ആഹാരം കഴിക്കാൻ നേരം കറുപ്പ് നിറമാകുമെന്നുമൊക്കെ കഥകൾ നാട്ടുകാർക്കിടെയിലുണ്ട്. ഏതായാലും, ഈ കഥകളുടെ അടിത്തറയൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ഡെവിൾസ് ട്രീ ശരിക്കും കാഴ്ചയിൽ മാത്രം ഭീകരനാണെന്നേ പറയാൻ സാധിക്കൂ.

Advertisement
Advertisement