ഗാസയിലെ യു.എൻ സ്കൂളിൽ വ്യോമാക്രമണം: 35 പേർ കൊല്ലപ്പെട്ടു

Friday 07 June 2024 1:52 AM IST

ടെൽ അവീവ്: മദ്ധ്യ ഗാസയിലെ യു.എൻ സ്കൂളിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. നൂറുകണക്കിന് പാലസ്തീനികൾ താമസിച്ചിരുന്ന സെൻട്രൽ ഗാസയിലെ അഭയാർത്ഥി ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ക്യാമ്പിലേക്ക് ഇസ്രയേലിന്റെ രണ്ട് മിസൈലുകൾ പതിക്കുകയായിരുന്നെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്കൂളിന് നേരെ ആക്രമണം നടത്തിയ വിവരം ഇസ്രയേൽ സ്ഥിരീകരിച്ചു. ഭീകരരെ ലക്ഷ്യമിട്ടാണ് ഇവിടെ ആക്രമണം നടത്തിയതെന്നും ഇസ്രയേൽ വൃത്തങ്ങൾ അറിയിച്ചു. സെൻട്രൽ ഗാസയിൽ ഹമാസിനെതിരെ പുതിയ പോരാട്ടത്തിന് തുടക്കം കുറിക്കുമെന്ന് ഇസ്രയേൽ പ്രതിരോധസേന അറിയിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

ക്രൂരമായ രീതിയിലുള്ള കൂട്ടക്കൊലയാണ് ഇവിടെ നടക്കുന്നതെന്ന് ഹമാസ് വക്താക്കൾ പ്രതികരിച്ചു.

വ്യാഴാഴ്ച രാവിലെയോടെ പാലസ്തീനിലെ മാദ്ധ്യമ പ്രവർത്തകർ എക്സിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിൽ ദേർ അൽ ബലായിലെ അൽ അഖ്സ ആശുപത്രിയിലേക്ക് പരിക്കേറ്റവരുടേയും മരിച്ചവരുടെ മൃതദേഹങ്ങളുടെ നീണ്ട നിരയുടേയും വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടുന്നുണ്ട്. അതേസമയം ഇസ്രയേൽ സേനയുടെ പ്രസ്താവനയിൽ ഹമാസ് കേന്ദ്രത്തിൽ ആക്രമണം നടത്തിയെന്നാണ് വിശദമാക്കുന്നത്.

ഒക്ടോബർ 7ന് നടന്ന ആക്രമണത്തിൽ പങ്കെടുത്ത തീവ്രവാദികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്. ഒക്ടോബറിൽ ദക്ഷിണ ഇസ്രയേലിലുണ്ടായ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ധിയാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 36580ലേറെ പേരാണ് കൊല്ലപ്പെട്ടത്. നസ്രത്തിലെ ആക്രമണത്തിന് മുൻപ് സാധാരണ ജനങ്ങൾക്ക് അപകടമുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിരുന്നതായാണ് ഇസ്രയേൽ സേന വിശദമാക്കുന്നത്.

ഇതിന് മുമ്പും അഭയാർത്ഥികൾ താമസിക്കുന്ന സ്ഥലങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തിയിട്ടുണ്ട്.

അഭയാർഥി കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 455 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന് മുമ്പ് ഏപ്രിൽ 11നും 13നും ഇടയിൽ മൂന്ന് തവണ ഇസ്രായേൽ യു.എൻ സ്കൂളുകൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. ഗാസയിലെ ഇസ്രായേൽ അധിനിവേശത്തിന് മുമ്പ് യു.എൻ ഏജൻസിയായ യു.എൻ.ആർ.ഡബ്യു.എയുടെ 183 സ്കുളുകളാണ് ഗാസയിലുണ്ടായിരുന്നത്.

ഒക്ടോബറിൽ യുദ്ധം തുടങ്ങിയതോടെ ഈ സ്കൂളുകൾ അഭയാർഥി ക്യാമ്പുകളാക്കുകയായിരുന്നു. ഇതുവരെ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 35,586 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 83,074 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇസ്രയേലിനെതിരെ സ്പെയ്ൻ

വംശഹത്യ ആരോപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ കക്ഷിചേരാൻ അനുമതി തേടി സ്പെയിൻ. ഈ ആവശ്യം ഉന്നയിച്ച് രംഗത്തുവരുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് സ്പെയിൻ. ഗാസയിലും പശ്ചിമേഷ്യയിലും സമാധാനം ആവശ്യപ്പെട്ട് കോടതിയിലെത്തിയതെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് പറഞ്ഞു.

സ്പെയിൻ, അയർലൻഡ്, നോർവേ എന്നീ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തിന് കഴിഞ്ഞമാസം അംഗീകാരം നൽകിയിരുന്നു. നെതർലൻഡ്സിലെ ഹേഗിൽ വിചാരണ തുടരുന്ന കേസിൽ കക്ഷിചേരണമെന്ന ആവശ്യവുമായി മെക്സികോ, കൊളംബിയ, നികരാഗ്വ, ലിബിയ എന്നീ രാജ്യങ്ങളും ഫലസ്തീനും ഇതിനകം കോടതിയെ സമീപിച്ചിട്ടുണ്ട്.

Advertisement
Advertisement