വിവാഹത്തിനോട് നോ പറഞ്ഞ് ജപ്പാൻ ജനത ഡേറ്റിംഗ് ആപ്പിറക്കി സർക്കാർ

Friday 07 June 2024 2:30 AM IST

ടോക്കിയോ: വിവാഹത്തോട് നോ പറഞ്ഞ ജനതയെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ പുതിയ ആശയവുമായി ജപ്പാൻ സർക്കാർ. വിവാഹം പ്രോത്സാഹിപ്പിക്കാനായി ടോക്കിയോ മെട്രോ പൊളിറ്റൻ ഭരണകൂടം ഡേറ്റിംഗ് ആപ്പ് പുറത്തിറക്കി. രാജ്യത്തെ ജനന നിരക്കിലുണ്ടായ ഇടിവ് പരിഹരിക്കുന്നതിനാണ് നീക്കം. ആദ്യമായാണ് ഒരു ഭരണകൂടം ഇത്തരമൊരു ആശയം നടപ്പാക്കുന്നത്. സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് നിർമ്മിക്കുന്ന ആപ്ലിക്കേഷൻ ഉടൻ ലഭ്യമാവുമെന്നാണ് റിപ്പോർട്ട്.

ഒരു സർക്കാർ സേവനത്തിന്റെ എല്ലാ സ്വഭാവങ്ങളോടും കൂടിയാണ് ആപ്പിന്റെ പ്രവർത്തനം. പണം നൽകി ആപ്പ് ഉപയോഗിക്കാം. നിയമപരമായി വിവാഹിതരല്ലെന്ന് വ്യക്തമാക്കുന്ന രേഖകളും വിവാഹിതരാകാൻ തയ്യാറാണെന്ന് അറിയിച്ചുകൊണ്ടുള്ള ഒരു കത്തും നൽകണം. ഉപഭോക്താവിന്റെ വാർഷിക വരുമാനം വ്യക്തമാക്കുന്നതിനുള്ള നികുതി രേഖയും നൽകണം.ഡേറ്റിംഗ് ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് ഉപഭോക്താക്കളുടെ വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതിന് ഒരു അഭിമുഖവും ഉണ്ടാവും. രജിസ്‌ട്രേഷൻ പൂർത്തിയാൽ പങ്കാളിയിൽ ആഗ്രഹിക്കുന്നത് എന്തെല്ലാം ആണെന്ന് വ്യക്തമാക്കണം. അതിനനുസരിച്ച് എ.ഐയുടെ സഹായത്തോടെ അനുയോജ്യമായ ആളുകളെ ആപ്പ് നിർദ്ദേശിക്കും.

ജനങ്ങൾ പങ്കാളിയെ കണ്ടെത്താനുള്ള ഇത്തരം ശ്രമങ്ങളൊന്നും നടത്തുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. അവർക്ക് ചെറിയൊരു പ്രോത്സാഹനം നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് ടോക്കിയോ സർക്കാർ പറയുന്നു.

ജനനിരക്കിനേക്കാൾ മരണനിരക്ക്

കഴിഞ്ഞ വർഷം ജനനിരക്കിനേക്കാൾ ഇരട്ടി മരണ നിരക്കാണ് ജപ്പാനിൽ രേഖപ്പെടുത്തിയത്. ജനനനിരക്ക് തുടർച്ചയായ എട്ടാം വർഷവും 758,631 ആയി കുറഞ്ഞു. 5.1 ശതമാനം ഇടിവാണുണ്ടായത്. മരണസംഖ്യ 1,590,503 ആയി. വിവാഹം കഴിക്കാനും കുട്ടികളെ വളർത്താനുമുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതാണ് ജപ്പാനിലെ ജനങ്ങൾ വിവാഹം ചെയ്യാൻ മടിക്കുന്നത്. ജനന നിരക്കിലുണ്ടായ ഇടിവ് രാജ്യം നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്നാണെന്ന് പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞിരുന്നു.

സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക് പ്രശംസിച്ചു. ഈ വിഷയത്തിലെ പ്രാധാന്യം ജപ്പാൻ തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ട്. കൂടുതൽ രാജ്യങ്ങൾ മുന്നോട്ട് വരണം.

-ഇലോൺ മസ്‌ക്

സി.ഇ.ഒ സ്‌പേസ് എക്‌സ്

Advertisement
Advertisement