നവജാത ശിശു മരിച്ചത് ചികിത്സാപ്പിഴവെന്ന് ആലപ്പുഴ മെഡി.കോളേജ് ആശുപത്രിയിൽ സംഘർഷം

Friday 07 June 2024 3:05 AM IST
മകൾ സൗമ്യയുടെ നവജാത ശിശു മരിച്ചതിൽ മനംനൊന്ത് സന്ധ്യ മോർച്ചറിക്കു മുന്നിൽ

അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാതശിശു മരിച്ചത് ചികിത്സാപ്പിഴവിനെത്തുടർന്നെന്ന് ബന്ധുക്കൾ. അണുബാധയാണ് മരണകാരണമെന്ന് ഡോക്ടർമാർ.

വണ്ടാനം വൃക്ഷവിലാസം തോപ്പിൽ മനു - സൗമ്യ ദമ്പതികളുടെ എട്ടുദിവസം പ്രായമുള്ള പെൺകുഞ്ഞാണ് ബുധനാഴ്ച രാത്രി പന്ത്രണ്ടോടെ മരിച്ചത്. കഴിഞ്ഞ 29ന് പിറന്ന കുഞ്ഞിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹവുമായി രാത്രി ലേബർ റൂമിനു മുന്നിൽ ബന്ധുക്കൾ പ്രതിഷേധിച്ചു. അമ്പലപ്പുഴ പൊലീസെത്തി സംഘർഷാവസ്ഥ ഒഴിവാക്കി. ചികിത്സാപ്പിഴവ് ഉണ്ടെങ്കിൽ പരിശോധിക്കാമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.അബ്ദുൾ സലാം ഉറപ്പു നൽകിയതോടെയാണ് കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്കു മാറ്റിയത്.

ലേബർറൂമിലെ ജീവനക്കാരുടെയും ഡോക്ടർമാരുടെയും അനാസ്ഥകൊണ്ടാണ് കുഞ്ഞ് മരിച്ചത് എന്നാണ് ബന്ധുക്കൾ പറയുന്നത്. സൗമ്യയ്ക്ക് പ്രസവവേദന ഉണ്ടായ സമയത്ത് വേണ്ട ചികിത്സ നല്കിയിരുന്നെങ്കിൽ കുഞ്ഞ് രക്ഷപ്പെടുമായിരുന്നു. പ്രസവം താമസിച്ചതാണ് കുഞ്ഞിന് അണുബാധ ഉണ്ടാകാൻ കാരണം. പ്രസവസമയത്ത് പ്രധാന ഡോക്ടർമാർ ആരും ലേബർ റൂമിൽ ഉണ്ടായിരുന്നില്ല. മെഡിക്കൽ വിദ്യാർത്ഥികളാണ് പരിശോധന നടത്തിയതെന്നും ബന്ധുക്കൾ ആരോപിച്ചു.

എന്നാൽ, ആശുപത്രിയിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് സൂപ്രണ്ട് ഡോ.അബ്ദുൾ സലാമും ഡെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.മിറിയം വർക്കിയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ പോസ്റ്റുമോർട്ടത്തിനുശേഷം കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു. ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്. ആറുവയസുകാരി ഹൃദിയ ആണ് മൂത്തമകൾ.

ആരോപണം തുടർക്കഥ

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ഒരു മാസത്തിനുള്ളിൽ ചികിത്സാപ്പിഴവിന്റെ പേരിലുള്ള മൂന്നാമത്തെ മരണമാണിത്. പ്രസവാനന്തര ചികിത്സയ്ക്കിടെ യുവതിയും അണുബാധയെത്തുടർന്ന് വീട്ടമ്മയുമാണ് അടുത്തിടെ മരിച്ചത്.

Advertisement
Advertisement