'പണമില്ലെങ്കിൽ വിഷമിക്കേണ്ട, ഇഎംഐ ആയി കൈക്കൂലി അടയ്‌ക്കാം'; സർക്കാർ ഉദ്യോഗസ്ഥരുടെ പുതിയ ഓഫർ

Friday 07 June 2024 10:21 AM IST

ഗാന്ധിനഗ‌ർ: കൈക്കൂലി വാങ്ങുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ, അഴിമതി പ്രോത്സാഹിപ്പിക്കാൻ പുതിയ മാർഗവുമായി എത്തിയിരിക്കുകയാണ് ഗുജറാത്തിലെ സർക്കാർ ഉദ്യോഗസ്ഥർ. കൈക്കൂലി കൊടുക്കാൻ പണമില്ലാത്തവർക്ക് തവണകളായി അടയ്‌ക്കാനുള്ള സൗകര്യമാണ് ഉദ്യാഗസ്ഥർ ഒരുക്കിയതെന്നാണ് ടൈംസ് ഒഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

ഇഎംഐ രീതിയിൽ കൈക്കൂലി സ്വീകരിക്കുന്നത് ഗുജറാത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ സാധാരണ സംഭവമായി മാറിക്കഴിഞ്ഞു. ഇക്കഴിഞ്ഞ മാർച്ചിൽ എസ്‌ജിഎസ്‌ടി വ്യാജ ബില്ലിംഗ് തട്ടിപ്പിൽ അഹമ്മദാബാദിലെ ഒരു മൊബൈൽ ഷോപ്പ് ഉടമയോട് 21 ലക്ഷം രൂപയാണ് സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടത്. മുഴുവൻ തുക ഒരുമിച്ചടയ്‌ക്കാൻ ബുദ്ധിമുട്ടാണെങ്കിൽ പ്രതിമാസം രണ്ട് ലക്ഷം രൂപ വീതം അടച്ചാൽ മതിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സമാനമായ മറ്റൊരു സംഭവത്തിൽ പത്ത് ലക്ഷം രൂപ കൈക്കൂലിയാണ് സൈബർ ക്രൈം യൂണിറ്റിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. നാല് ഗഡുക്കളായി അടച്ചാൽ മതിയെന്ന ആനുകൂല്യവും നൽകി.

സൂറത്തിലെ ഒരു ഡെപ്യൂട്ടി സർപഞ്ചും താലൂക്ക് അംഗവും ഇത്തരത്തിൽ ഇഎംഐ ആയി കൈക്കൂലി വാങ്ങാൻ തുടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കൃഷിയിടം നിരപ്പാക്കുന്നതിന് കർഷകനിൽ നിന്ന് 85,000 രൂപയാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്. കർഷകന്റെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് 35,000 രൂപ മുൻകൂറായി വാങ്ങി ബാക്കി തുക മൂന്ന് തുല്യ ഗഡുക്കളായി അടയ്‌ക്കണമെന്നും നിർദേശിച്ചു. ഇഎംഐ കോഴകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഗുജറാത്ത് അഴിമതി വിരുദ്ധ ബ്യൂറോയിലെ ഉദ്യോഗസ്ഥൻ ടൈംസ് ഒഫ് ഇന്ത്യയോട് പറഞ്ഞത്. ഈ വർഷം മാത്രം പത്ത് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ രീതി പുതിയതല്ലെന്നും കൈക്കൂലിയുടെ രണ്ടോ മൂന്നോ ഗഡുക്കൾ നൽകിയ ശേഷമാണ് ഇവർ അഴിമതി വിരുദ്ധ ബ്യൂറോയെ സമീപിക്കുന്നതെന്നും ഉദ്യോഗസ്ഥനായ ഷംഷേർ സിംഗ് പറഞ്ഞു. 40,000 രൂപ കൈക്കൂലി വാങ്ങിയതിന് സിഐഡി ക്രൈം പൊലീസ് സബ് ഇൻസ്പെക്ടറെ (പിഎസ്ഐ) ഗാന്ധിനഗറിൽ നിന്ന് അറസ്റ്റ് ചെയ്‌തിരുന്നതായും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement