മേൽക്കൂരയില്ലാതെ ഒരു വെയ്‌റ്റിംഗ് ഷെഡ്....... ഇവിടെ കാത്തിരിപ്പ് കഠിനമാണ്

Saturday 08 June 2024 1:21 AM IST

മുണ്ടക്കയം : കാത്തിരിപ്പ് കേന്ദ്രമുണ്ട്, മേൽക്കൂരയില്ല, മഴ പെയ്താൽ കുട ചൂടണം. ഇവിടെ എങ്ങനെ ബസ് കാത്തുനിൽക്കും. 2021ലെ പ്രളയത്തിൽ തകർന്ന കോസ് വേ പാലത്തിന് സമീപമുള്ള കാത്തിരിപ്പ് കേന്ദ്രമാണ് യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുന്നത്. കോരുത്തോട്, എരുമേലി റൂട്ടിലെ യാത്രക്കാരുടെ പ്രധാന ആശ്രയകേന്ദ്രമായിരുന്നു ഇത്. നിരവധിത്തവണ ഇത് പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല. സ്കൂൾ തുറന്നതോടെ വിദ്യാർത്ഥികളടക്കം ബുദ്ധിമുട്ടിലായിരിക്കുകയാണ്. സമീപത്തായി സ്കൂളും സ്ഥിതി ചെയ്യുന്നുണ്ട്. തലങ്ങും വിലങ്ങും വാഹനങ്ങൾ പായുന്ന റോഡിലേക്കിറങ്ങി ബസ് കാത്തുനിൽക്കണം. ഇത് അപകടങ്ങൾക്ക് ഇടയാക്കുമെന്നാണ് രക്ഷിതാക്കളുടെ ആശങ്ക. സമീപത്ത് കടകൾ ഇല്ലാത്തതിനാൽ കടത്തിണ്ണയിലും നിൽക്കാനാകില്ല.

എന്തിനീ അവഗണന

പ്രളയത്തിൽ നിരവധി കാത്തിരിപ്പ് കേന്ദ്രങ്ങളാണ് മുണ്ടക്കയം - ഇളംകാട് റൂട്ടിലും, പ്രധാന റോഡുകളിലും തകർന്നത്. ഇവയിൽ പലതും പുനർനിർമ്മിച്ചിരുന്നു. എരുമേലി, കോരുത്തോട് റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസുകളെല്ലാം ഇവിടെ നിറുത്തിയ ശേഷമാണ് യാത്രക്കാരെ കയറ്റുന്നത്. ബസ് സ്റ്റോപ്പിന്റേതായ യാതൊരു സൗകര്യങ്ങളും ഇവിടെയില്ല. മഴയിൽ ബസ് കാത്ത് നനഞ്ഞ് നിൽക്കേണ്ടി വരുന്നതിനാൽ കുട്ടികൾക്ക് പനി ഉൾപ്പെടെ വരുന്നതായി രക്ഷിതാക്കൾ പറയുന്നു.

''വിദ്യാർത്ഥികളാണ് കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്. പലരും കുട ഇല്ലാതെയാണ് സ്കൂളിലേക്ക് വരുന്നത്. മഴ പെയ്താൽ ബസ് വരുന്നത് വരെ നനഞ്ഞ് നിൽക്കേണ്ട ഗതികേടാണ്. സമീപത്തൊന്നും കയറി നിൽക്കാൻ മറ്റൊരു സൗകര്യവുമില്ല.

-പ്രകാശൻ, മുണ്ടക്കയം

Advertisement
Advertisement