കൊട്ടിയൂർ വൈശാഖോത്സവം: തിരുവാതിര ചതുശ്ശതം പായസ നിവേദ്യം ഇന്ന്

Friday 07 June 2024 10:02 PM IST

കൊട്ടിയൂർ: ഇന്ന് കൊട്ടിയൂർ പെരുമാൾക്ക് തിരുവാതിര ചതുശ്ശതം വലിയ വട്ടളം പായസം നിവേദിക്കും. ഒപ്പം കോട്ടയം കോവിലകത്തെ തമ്പുരാട്ടിക്കും ഊരാള തറവാട്ടിലേയും ഏഴില്ല തറവാടുകളിലെയും സ്ത്രീകൾക്കുമുള്ള തൃക്കൂർ അരിയളവും ഇന്ന് നടക്കും.

കൊട്ടിയൂർ വൈശാഖോത്സവ കാലത്തെ നാല് പ്രധാന പായസ നിവേദ്യങ്ങളിൽ ആദ്യത്തേതാണ് തിരുവാതിര ചതുശ്ശതം പായസ നിവേദ്യം. കരിമ്പനക്കൽ ചാത്തോത്ത് ഊരാളൻ തറവാട്ടു വകയാണ് ഉച്ചയ്ക്ക് പന്തീരടി പൂജയ്ക്ക് ഒപ്പമുള്ള പായസം. അരി, ശർക്കര, നെയ്യ്, തേങ്ങ, ജലം എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്തുള്ള കൂട്ടാണ് ചതുശ്ശതം പായസ നിവേദ്യത്തിന് ഉപയോഗിക്കുന്നത്.

കോട്ടയം കിഴക്കേ കോവിലകത്തെ അമ്മ രാജയ്ക്കും നാല് ഊരാളന്മാരുടെ തറവാടുകളിലെ സ്ത്രീകൾക്കുമാണ് തൃക്കൂർ അരിയളവ് നടത്തുന്നത്.ഇന്ന് ഉച്ചശീവേലിക്കും വലിയ വട്ടളം പായസ നിവേദ്യത്തിനും ശേഷം ശ്രീകോവിലിൽ വെച്ചാണ് കോട്ടയം അമ്മ രാജയ്ക്കുള്ള അരിയളവ് നടത്തുക. പന്തീരടി കാമ്പ്രം സ്ഥാനികനാണ് അമ്മ രാജയ്ക്ക്സ്വർണതളികയിലാണ് അരിയളവ് നടത്തുക. പെരുമാളുടെ അനുഗ്രഹമാണ് തൃക്കൂർ അരിയളവിലൂടെ ലഭിക്കുന്നത് എന്നാണ് വിശ്വാസം. അളന്നു ലഭിക്കുന്ന അരി മേൽമുണ്ടിൽ ഏറ്റുവാങ്ങിയ ശേഷം തലയിൽ ഏറ്റിയാണ് അമ്മ രാജ മടങ്ങേണ്ടത്. രാത്രിയിൽ തിരുവത്താഴ പൂജയ്ക്ക് ശേഷമാണ് ബാക്കി അരിയളവ് നടത്തുക.പാലക്കുന്നം സ്ഥാനികനാണ് അരിയളവ് നടത്തുന്നത്. അരി അളന്നു ലഭിച്ചവർ വേഗത്തിൽ സന്നിധാനത്തിന് പുറത്ത് പോകണമെന്നും പിന്നീട് ഈ വർഷം അവരിൽ ആരും ദർശനത്തിനായി അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കാൻ പാടില്ല എന്നുമാണ് ആചാരം. പുണർതം ചതുശ്ശതം നാളെ ഭഗവാന് നിവേദിക്കും.

ക്ഷേത്രം ജന്മശാന്തിയുടെ കാർമികത്വത്തിൽ അമ്മാറയ്ക്കൽ സ്ഥാനത്ത് ദേവിക്ക് ഇന്നലെ നടന്ന പൂജ

Advertisement
Advertisement