സി.പി.എം സെക്രട്ടേറിയറ്റിൽ വിമർശനം: വിമർശനങ്ങളോട് അസഹിഷ്ണുത പാടില്ല

Saturday 08 June 2024 12:52 AM IST

പാർട്ടിയിലും സർക്കാരിലും ആത്മ വിമർശനവും തിരുത്തലും വേണം

തിരുവനന്തപുരം: സർക്കാരിന്റെയും പാർട്ടിയുടെയും പ്രവർത്തനങ്ങളെ സംബന്ധിച്ച ക്രിയാത്മ വിമർശനങ്ങളോട് അസഹിഷ്ണുത പുലർത്തുന്ന സമീപനത്തിൽ ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ കടുത്ത വിമർശനമുയർന്നു. ആത്മ വിമർശനം നടത്തിയും തെറ്റുകൾ തിരുത്തിയും മുന്നോട്ടു പോകണം. അല്ലെങ്കിൽ പാർട്ടി ഉണ്ടാവില്ലെന്നും,പാർലമെന്റ് തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം ചേർന്ന യോഗത്തിൽ ചില അംഗങ്ങൾ മുന്നറിയിപ്പ് നൽകി.

തിരഞ്ഞെടുപ്പിൽ പാർട്ടി കേഡർ വോട്ടുകൾ പോലും ചോർന്നു. പലരും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും വോട്ട് ചെയ്യുന്നതിലും നിന്ന് വിട്ടു നിന്നു. കാലാകാലങ്ങളിൽ പാർട്ടിക്കും ഇടതുമുന്നണിക്കും ലഭിച്ചുകൊണ്ടിരുന്ന സമുദായ വോട്ടുകളിൽ വിള്ളലുണ്ടായി. സർക്കാരിന്റെ പ്രവർത്തനങ്ങളിലെ വീഴ്ചകൾ ഉടൻ തിരുത്തണം. പാർട്ടി മന്ത്രിമാർ അവരുടെ വകുപ്പുകളിൽ പൂർത്തിയാക്കേണ്ട പദ്ധതികൾ വേഗത്തിലാക്കണമെന്നും സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചു.

 ബി.ജെ.പി മുന്നേറ്റത്തിൽ ആശങ്ക

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നണി സംസ്ഥാനത്ത് 20 ശതമാനത്തിനടുത്ത് വോട്ട് നേടിയത് ആശങ്കാജനകമാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ശബരിമല വിഷയം ചില സാമുദായിക സംഘടനകൾ ഇപ്പോഴും രഹസ്യമായി ഉപയോഗപ്പെടുത്തുന്നു. ഇതിന്റെ ഗുണം ലഭിക്കുന്നത് ബി.ജെ.പിക്കാണ്. ബി.ജെ.പിയുടെ പ്രധാന നേതാക്കൾ മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വലിയ വോട്ടാണ് ലഭിച്ചത്. ഇക്കാര്യത്തിൽ ഗൗരവമായ പരിശോധന വേണം.

രാജ്യസഭാ സീറ്റിൽ ചർച്ച

രാജ്യസഭയിലേക്ക് ഒഴിവ് വരുന്നതിൽ എൽ.ഡി.എഫിന് ലഭിക്കുന്ന രണ്ട് സീറ്റ് വീതം വയ്ക്കുന്നത് സംബന്ധിച്ച് ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. സി.പി.ഐ, കേരള കോൺഗ്രസ്-എം, ആർ.ജെ.ഡി എന്നിവ സീറ്റിന് അവകാശ വാദം ഉന്നയിച്ച സാഹചര്യത്തിലാണിത്. സി.പി.എം-സി.പി.ഐ

ചർച്ച ഇന്ന് നടക്കും. 10ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, ഇടതുമുന്നണി യോഗങ്ങളിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായേക്കും. 13 ആണ് പത്രിക സമർപ്പിക്കേണ്ട അവസാന തീയതി.

Advertisement
Advertisement