പഞ്ചായത്ത്,​ നഗരസഭകളിലെ മാലിന്യനീക്കം കാര്യക്ഷമമാക്കും

Saturday 08 June 2024 1:08 AM IST

മലപ്പുറം: ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും പുനരുപയോഗ സാദ്ധ്യതയില്ലാത്ത പാഴ്‌വസ്തുക്കളുടെ നീക്കം കാര്യക്ഷമമാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. ലീൻ കേരള കമ്പനി, ഗ്രീൻ വേംസ്, സമ്പത്ത് ഏജൻസീസ്, മലബാർ ഏജൻസീസ്, ഭാരതീയ ഏജൻസി, ഇക്കോ ഗ്രീൻ, പ്ലാസ്റ്റോ എന്നീ ഏജൻസികളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഹരിതകർമ്മസേന വീടുകളിൽ നിന്നും കടകളിൽ നിന്നും സമാഹരിക്കുന്ന പാഴ് വസ്തുക്കളിൽ പുനരുപയോഗ സാദ്ധ്യതയുള്ളവ വിൽപ്പന നടത്തിയ ശേഷം അവശേഷിക്കുന്ന പാഴ് വസ്തുക്കളാണ് തദ്ദേശഭരണ സ്ഥാപനങ്ങൾ ഈ ഏജൻസികൾ വഴി നീക്കം ചെയ്യുന്നത്. സിമന്റ് കമ്പനികൾക്ക് ഇന്ധനമായാണ് ഇവ പ്രധാനമായും കയറ്റിക്കൊണ്ടു പോകുന്നത്.
ജില്ലയിൽ മിക്കയിടത്തെയും പാഴ് വസ്തുക്കൾ ശേഖരിച്ച് സൂക്ഷിക്കുന്ന മെറ്റീരിയൽ കളക്‌ഷൻ ഫെസിലിറ്റി സെന്ററുകൾ മതിയായ സ്ഥലമില്ലാതെ ഞെരുങ്ങുകയാണ്. സ്ഥലപരിമിതി മൂലം പാഴ് വസ്തുക്കൾ കെട്ടിക്കിടക്കുന്ന അവസ്ഥ പൂർണ്ണമായും ഇല്ലാതാക്കേണ്ടതുണ്ട്. തദ്ദേശഭരണ സ്ഥാപന മേധാവികളുമായും ഹരിതകർമ്മസേനയുമായും ചർച്ച ചെയ്ത് കൃത്യമായ പദ്ധതി ഉടൻ തയ്യാറാക്കുമെന്ന് ഏജൻസികൾ ഉറപ്പു നൽകി. ജോയന്റ് ഡയറക്ടർ അരുൺരംഗൻ, കെ.എസ്.ഡബ്ല്യു.എം. പിയുടെ ജില്ലാ ചുമതല വഹിക്കുന്ന വിനോദ് കുറുപ്പ്, അസിസ്റ്റന്റ് ഡയറക്ടർ ഷാജു, ജില്ലാ ഫെസിലിറ്റേറ്റർ എ. ശ്രീധരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Advertisement
Advertisement