പ്രാർഥനയ്ക്കായി എഴുന്നേറ്റ അമ്മ കണ്ടത്‌ മകനും കുടുംബവും കിടന്ന മുറിയിൽ നിന്ന് തീ; മരണ കാരണമെന്ത്?

Saturday 08 June 2024 10:39 AM IST

കൊച്ചി: അങ്കമാലിയിൽ വീടിന് തീപിടിച്ച് അച്ഛനും അമ്മയും മക്കളും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബിനീഷ്, ഭാര്യ അനു മക്കളായ ജെസ്മിൻ, ജോസ്‌ന എന്നിവരാണ് വെന്തുമരിച്ചത്. അങ്കമാലി കോടതിയ്ക്ക് സമീപമുള്ള വീട്ടിൽ പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.

വീടിന്റെ രണ്ടാം നിലയിലാണ് തീപിടിച്ചത്. ബിനീഷിന്റെ അമ്മ പ്രാർത്ഥിക്കാൻ എഴുന്നേറ്റപ്പോഴാണ് തീ കണ്ടത്. തുടർന്ന് സഹായിയായ അന്യസംസ്ഥാന തൊഴിലാളിക്കൊപ്പം തീയണയ്ക്കാൻ ശ്രമിച്ചു. ബക്കറ്റിലും മറ്റും വെള്ളമെടുത്ത് തീ കെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇവിടത്തെ നായയുടെ കുര കേട്ടാണ് അയൽവാസികൾ എത്തിയത്. ഒടുവിൽ ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

ബിനീഷും കുടുംബവും ഉറങ്ങാൻ കിടന്ന മുറിയിലെ ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.അമ്മയെ ബിനീഷിന്റെ സഹോദരന്റെ വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്. വീട്ടിൽ ഫോറൻസിക് പരിശോധന നടക്കുകയാണ്. മൃതദേഹങ്ങൾ ഉടൻ പോസ്റ്റ് മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.

മരിച്ച ബിനീഷ് അങ്കലമാലിയിലെ വ്യാപാരിയാണ്. മൂത്തകുട്ടി മൂന്നാം ക്ലാസിലും രണ്ടാമത്തെ കുട്ടി ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. അനു സ്വകാര്യ ആശുപത്രിയിൽ നഴ്‌സിംഗ് ട്യൂട്ടറായിരുന്നു. അതേസമയം, അങ്കമാലി എം എൽ എ റോജി എം ജോർജ് നേരത്തെ സംഭവ സ്ഥലത്തെത്തിയരുന്നു. ബിനീഷിന് സാമ്പത്തിക ബാദ്ധ്യത ഉള്ളതായി അറിയില്ലെന്ന് എം എൽ എ പ്രതികരിച്ചു.