നിയമസഭാംഗങ്ങളുടെ ഫോട്ടോസെഷൻ ചിത്രീകരിക്കരുത്; മാദ്ധ്യമങ്ങൾക്ക് വിലക്ക്

Monday 10 June 2024 10:29 AM IST

തിരുവനന്തപുരം: നിയമസഭാംഗങ്ങളുടെ ഫോട്ടോസെഷൻ ചിത്രീകരിക്കുന്നതിന് മാദ്ധ്യമങ്ങൾക്ക് വിലക്ക്. സാധാരണ നിയമസഭയിൽ ചോദ്യോത്തരവേള കഴിഞ്ഞാണ് ഫോട്ടോസെഷൻ. ഇതിന്റെ ചിത്രങ്ങളും വീ‌ഡിയോകളും എടുക്കാനാണ് മാദ്ധ്യമങ്ങൾക്ക് അനുമതിയില്ലെന്നാണ് സ്‌പീക്കറുടെ ഓഫീസിൽ നിന്ന് അറിയിച്ചത്. പതിനഞ്ചാം നിമയസഭയുടെ പതിനൊന്നാം സമ്മേളനം ആരംഭിച്ചതോടെയാണ് പുതിയ നിർദ്ദേശം.

ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കി നിയമസഭയിലെത്തുന്ന പ്രതിപക്ഷം നിയമസഭയിൽ വാക്കേറ്റമുണ്ടാക്കുമെന്നാണ് സൂചന. സഭയുടെ ആദ്യ ദിനം തന്നെ പ്രതിപക്ഷം ബാർകോഴയിൽ അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവന്നു. അടിയന്തര പ്രമേയം ഒഴിവാക്കണമെന്ന് സ്‌പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിപക്ഷം തയ്യാറായിരുന്നില്ല. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിച്ചില്ലെങ്കിൽ ഗ്രൂപ്പ് ഫോട്ടോയിൽ പങ്കെടുക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ന് മുതൽ ജൂലായ് 25 വരെയാണ് സഭ ചേരുക. കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമ ഭേദഗതി ബില്ലുകൾ ഇന്ന് അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടും. മദ്യനയ പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് എക്‌സൈസ് - ടൂറിസം മന്ത്രിമാർ, ഉദ്യോഗസ്ഥർ, ബാർ ഉടമകൾ ഉൾപ്പെടെയുള്ളവർക്കെതിരെ ഉയർന്ന കോഴ ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കത്ത് നൽകി. മദ്യനയഭേദഗതി അജണ്ടയാക്കി കഴിഞ്ഞ മാസം 21ന് ബാർ ഉടമകളുടെ യോഗം ടൂറിസം വകുപ്പ് ഓൺലൈനായി വിളിച്ച് ചേർത്തത് ഗൂഢാലോചനയ്ക്ക് തെളിവാണെന്ന് വി ഡി സതീശൻ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Advertisement
Advertisement