വടകരയിലേയും കോഴിക്കോട്ടെയും തോൽവി പഠിച്ച് തിരുത്തും

Tuesday 11 June 2024 12:02 AM IST
സി.പി.എം

സ്വയം വിമർശനവുമായി സി.പി.എം ജില്ലാ നേതൃത്വം

കോഴിക്കോട്: വടകര, കോഴിക്കോട് മണ്ഡലങ്ങളിലെ തോൽവി സംബന്ധിച്ച ആദ്യ റിപ്പോർട്ട് സി.പി.എം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് കൈമാറി. ഏറെ പ്രതീക്ഷിച്ച വടകര മണ്ഡലവും മുതിർന്ന തൊഴിലാളി നേതാവ് എളമരം കരീം മത്സരിച്ചിട്ടും കോഴിക്കോട് തൊഴിലാളികൾ പോലും കൈവിട്ടതും ഗൗരവമായി പഠിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ജില്ലാ നേതൃത്വത്തിന് വീഴ്ച സംഭവിച്ചുണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന സ്വയം വിമർശനവും നടത്തിയിട്ടുണ്ട്. പ്രാദേശികമായി സംഭവിച്ച വീഴ്ച സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഉടൻ നൽകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. എളമരം കരീമിന്റെ തോൽവി സി.ഐ.ടി.യു നേതൃത്വവും പരിശോധിച്ചു വരികയാണ്. സ്വന്തം തട്ടകമായ ബേപ്പൂരിൽ പിന്നിലായ സാഹചര്യം പാർട്ടി ഗൗരവമായി കാണണമെന്ന് സി.ഐ.ടി.യു സി.പി.എം നേതൃത്വത്തോട് ആവശ്യപ്പെട്ടതായി വിവരമുണ്ട്. ജില്ലയിൽ സി.ഐ.ടി.യുവിന് കൂടുതൽ അംഗങ്ങളുള്ള ഫറോക്ക്-ചെറുവണ്ണൂർ ഉൾപ്പെടുന്ന ബേപ്പൂർ മണ്ഡലത്തിൽ 19,561 വോട്ടിന്റെ ഭൂരിപക്ഷം എം.കെ.രാഘവൻ നേടിയത് വലിയ ഞെട്ടലാണ് തൊഴിലാളി യൂണിയനിലുണ്ടാക്കിയത്. കോംട്രസ്റ്റ്, സ്റ്റീൽ കോംപ്ലക്‌സ്, പാളയം പച്ചക്കറി മാർക്കറ്റ് മാറ്റൽ തുടങ്ങിയ തൊഴിലാളി പ്രശ്‌നങ്ങളിലെല്ലാം ശരിയായ നിലപാടുമായി മുന്നോട്ട് പോവാൻ കഴിയാത്തത് തോൽവിയ്ക്ക് ആക്കം കൂട്ടിയെന്നാണ് സി.ഐ.ടി.യുവിന്റെ വിലയിരുത്തൽ.

വടകരയിൽ അനുകൂല സാഹചര്യമുണ്ടായിട്ടും പാർട്ടി വോട്ടുകൾ പെട്ടിയിലാക്കാൻ കഴിയാതിരുന്നത് വിമർശന വിധേയമായിട്ടുണ്ട്. കെ.കെ. ശൈലജയെന്ന മികച്ച സ്ഥാനാർത്ഥിയെ രംഗത്തിറക്കി പോരാട്ടം കടുപ്പിച്ച വടകരയിൽ 1,14,506 വോട്ടിനാണ് പരാജയപ്പെട്ടത്. കഴിഞ്ഞ തവണ പി.ജയരാജൻ കെ.മുരളീധരനോട് പരാജയപ്പെട്ടത് 84,663 വോട്ടിനാണ്. എന്നും ചുവപ്പിനെ തുണച്ച കൂത്തുപറമ്പും പേരാമ്പ്രയും ഇക്കുറി കൈവിട്ടു. തലശ്ശേരിയിൽ മാത്രം നേരിയ ഭൂരിപക്ഷം. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറിടത്തും ലീഡുണ്ടാക്കാനായില്ല.

എളമരം കരീമിനെ നാലാമൂഴത്തിൽ എം.കെ.രാഘവൻ പരാജയപ്പെടുത്തിയത് 1,46,176 വോട്ടിന്. കഴിഞ്ഞ തവണ എം.എൽ.എയായിരിക്കെ എ.പ്രദീപ്കുമാർ മത്സരിച്ചപ്പോൾ രാഘവന് കിട്ടിയ ഭൂരിപക്ഷം 85, 225 ആണെന്നറിയുമ്പോഴാണ് ചോർന്ന വോട്ടുകളുടെ ആഴം തിരിച്ചറിയുന്നത്. കഴിഞ്ഞ തവണ ഭൂരിപക്ഷം കിട്ടിയ എലത്തൂരും കോട്ടയായ ബേപ്പൂരും ബാലുശ്ശേരിയുമെല്ലാം സി.പി.എമ്മിനെ കൈവിട്ടത് തോൽവിയുടെ കണക്കെടുപ്പിൽ പാർട്ടി നേതൃത്വത്തെ കുഴക്കും. വർഷങ്ങളോളം ഇടതുപക്ഷം കുത്തകയാക്കി വെച്ചതാണ് വടകരയും കോഴിക്കോടും. അതാണ് നാലാം തവണയും ഇടതുപക്ഷത്തിന് നഷ്ടമാവുന്നത്.

Advertisement
Advertisement