പ്രഭാവർമ്മയ്ക്ക് നിയമസഭയുടെ അനുമോദനം

Tuesday 11 June 2024 2:22 AM IST

തിരുവനന്തപുരം: സരസ്വതി സമ്മാൻ ലഭിച്ച കവി പ്രഭാവർമ്മയെ കേരള നിയമസഭ അനുമോദിച്ചു. നാടിന്റെയും ഭാഷയുടെയും സന്തോഷമാണിതെന്നും അതിൽ സഭ പങ്കുചേരുകയാണെന്നും സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു.

'രൗദ്രസാത്വികം' എന്ന കൃതിക്കു ലഭിച്ച ഈ അംഗീകാരത്തിലൂടെ പ്രഭാവർമ്മയ്‌ക്കൊപ്പം നമ്മുടെ നാടും ഭാഷയും കൂടിയാണ് ആദരിക്കപ്പെടുന്നത്.ബാലാമണിയമ്മ, അയ്യപ്പപ്പണിക്കർ, സുഗതകുമാരി എന്നിവർക്കാണ് ഇതിനുമുമ്പ് മലയാളത്തിൽ ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.
കേരളത്തിനു ലഭിച്ച ഏറ്റവും ഉദാത്തമായ പുരസ്കാരമാണിതെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ അഭിപ്രായപ്പെട്ടു. പ്രഭാവർമ്മയിലൂടെ നമ്മുടെ നാടും മലയാള ഭാഷയും ധന്യമാക്കപ്പെട്ടിരിക്കുന്നു. ഇനിയും കൂടുതൽ കൂടുതൽ സംഭവാനകൾ നൽകാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

മലയാള ഭാഷയ്ക്കും കവിതയ്ക്കും കിട്ടിയ സമ്മാനമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ച് കവിത എഴുതുന്ന വ്യക്തിയാണ് പ്രഭാവർമ്മ. അദ്ദേഹത്തിന്റെ കൃതികളുടെ പേരുകൾ തന്നെ ശ്രദ്ധേയമായ വാക്കുകൾ കൂട്ടിച്ചേർക്കുന്നതാണ്. കൃഷ്ണന്റെ സങ്കടങ്ങളും നിരാശകളുമെല്ലാം ചേർത്തുള്ളതാണ് ശ്യാമമാധവം. രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന ആശയങ്ങളെയും വൈരുദ്ധ്യങ്ങളെയും ഒരുമിച്ചു ചേർക്കുന്നതാണ് പ്രഭാവർമ്മയുടെ രചനാവൈഭവമെന്നും സതീശൻ പറഞ്ഞു.

Advertisement
Advertisement