ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ...? പ്രതിപക്ഷ ആക്രമണത്തിൽ സംയമനം പാലിച്ച് ഭരണപക്ഷം

Tuesday 11 June 2024 3:01 AM IST

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചിട്ടും മറുപടി പറഞ്ഞ മന്ത്രിമാർ ഒഴികെ ഭരണപക്ഷത്തിലെ മറ്റാരും എതിർശബ്ദം ഉയർത്തിയില്ല.

പ്രതിപക്ഷം ജനിക്കാത്ത കുട്ടിയുടെ ജാതകമെഴുതുകയാണെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞപ്പോൾ, കുട്ടി ജനിച്ചിട്ടുമുണ്ട്, ജാതകം എഴുതിയിട്ടുമുണ്ട്. കുട്ടിയുടെ അച്ഛനാരെന്നു മാത്രം അന്വേഷിച്ചാൽ മതി. `ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ'- എന്ന സിനിമാ ഡയലോഗിനെ കൂട്ടുപിടിച്ചായിരുന്നു പ്രമേയം അവതരിപ്പിച്ച റോജി എം.ജോണിന്റെ പരിഹാസം. യു.ഡി.എഫ് സർക്കാരിന്റെ മദ്യനയം സംബന്ധിച്ച വിവാദങ്ങളും മറ്റും ചൂണ്ടിക്കാട്ടി മന്ത്രി രാജേഷ് കത്തിക്കയറി. മദ്യനയം തൊഴിൽമേഖലയിലുണ്ടാക്കിയ പ്രതിസന്ധി പഠിക്കാൻ ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയത് യു.ഡി.എഫ് സർക്കാരാണ്. വിനോദസഞ്ചാരമേഖലയിലെ പ്രതിസന്ധി സംബന്ധിച്ച പരാതി മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് ഉമ്മൻചാണ്ടിക്കു നൽകിയപ്പോൾ അതു പരിശോധിക്കാനും ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇവിടെ ഡയറക്ടർ സാധാരണ നടത്തുന്ന ഒരു യോഗം ചേരുക മാത്രമാണ് ചെയ്തത്.
ഡ്രൈ ഡേ പിൻവലിച്ചിട്ടില്ല. നിങ്ങൾ എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ നടപ്പാക്കിയിട്ട് നാലുമാസം കഴിപ്പോൾ പിൻവലിച്ചു. 418 ബാറുകൾക്ക് യോഗ്യതയില്ലെന്ന എക്‌സൈസ് കമ്മിഷണറുടെ റിപ്പോർട്ട് അവഗണിച്ചുകൊണ്ട് അവയ്ക്ക് ലൈസൻസ് നൽകിയപ്പോഴാണ് സുപ്രീംകോടതി ഇടപെട്ടതും ബാറുകൾ പൂട്ടിയതും. വി.ഡി. സതീശൻ പോലും അന്നതിനെ തള്ളിപ്പറഞ്ഞിരുന്നു.
യു.ഡി.എഫിന്റെ കാലത്ത് 2012-13ൽ 244.33 ലക്ഷം കെയ്സ് മദ്യമാണ് വിറ്റിരുന്നത്. 2022-23ൽ അത് 224.34 കെയ്സായി കുറഞ്ഞു. മദ്യത്തിൽ നിന്നുള്ള വരുമാനം 2012-13ൽ മൊത്തംവരുമാനത്തിന്റെ 18.21% ആയിരുന്നു. 2022-23ൽ 13.4% ആയി കുറഞ്ഞു.
മന്ത്രിയുടെ വാദങ്ങൾ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തള്ളി. സെക്കന്റസിന്റെ വിൽപ്പന വ്യാപകമായതുകൊണ്ടാണ് ബിവറേജസിൽ നിന്നുള്ള വിൽപ്പന കുറഞ്ഞത്. യു.ഡി.ഫിന്റെ നയം വന്നപ്പോൾ വിനോദസഞ്ചാരമേഖലയിലെ പ്രശ്നം പഠിക്കാൻ അതിന്റെ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കും. അതും ഇതും രണ്ടാണ്. ഇവിടെ മദ്യനയം ചർച്ചചെയ്യാനായി ടൂറിസം ഡയറക്ടറാണ് യോഗം വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം ഡയറക്ടർ നടത്തുന്ന യോഗങ്ങളെല്ലാം മന്ത്രി അറിഞ്ഞുകൊണ്ട് ആയിരിക്കണമെന്നില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രതികരിച്ചു. ടൂറിസം ഡയറക്ടർ അദ്ദേഹത്തിന്റെ വ്യക്തിപരമായ ആവശ്യത്തിന് മുൻകൂട്ടി എടുത്ത അവധിയെപ്പോലും ഇതുമായി കൂട്ടിക്കെട്ടാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ബന്ധമില്ലാത്ത കാര്യത്തിൽ തന്നെ വലിച്ചിഴയ്ക്കുന്നത് എന്തിനാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും റിയാസ് പറഞ്ഞു.

Advertisement
Advertisement