പീലിംഗ് ഷെഡ് തൊഴിലാളികൾ വറുതിതീരത്ത്

Wednesday 12 June 2024 12:11 AM IST

തോപ്പുംപടി: ട്രോളിംഗ് നിരോധനം തുടങ്ങിയതോടെ വറുതിക്കാലം എങ്ങനെ കരകയറുമെന്ന ചിന്തയിലാണ് പീലിംഗ് ഷെഡ് തൊഴിലാളികൾ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പീലിംഗ് ഷെഡുകളുള്ളത് എറണാകുളം,​ ആലപ്പുഴ ജില്ലകളിലാണ്. ആയിരത്തോളം ഷെഡുകളിലായ 2 ലക്ഷത്തോളം തൊഴിലാളികളാണുള്ളത്. സംസ്ഥാനത്ത് ട്രോളിംഗ് നിരോധനമാണെങ്കിലും അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന ചരക്കുകളുമാണ് തൊഴിലാളികളുടെ പ്രതീക്ഷ. ഒറീസ, മഹാരാഷ്ട്ര, ആന്ധ്ര, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഷെഡുകളിലേക്ക് വൻതോതിൽ ചരക്കുകൾ എത്തുന്നത്. ഇത് വൃത്തിയാക്കി കേടുകൂടാതെ വിദേശ രാജ്യങ്ങളായ യൂറോപ്പ്,​ അമേരിക്ക, ചൈന എന്നിവിടങ്ങളിലേക്ക് കപ്പൽ മാർഗമാണ് കയറ്റി അയക്കുന്നത്. 2 വർഷം വരെ ചരക്കുകൾ കേട് കൂടാതിരിക്കും. നിരോധന സമയക്ക് വള്ളക്കാർക്ക് മീൻ ലഭിക്കുന്നതും പീലിംഗ് ഷെഡ് തൊഴിലാളികൾക്ക് ആശ്വാസമാണ്. അതേസമയം,​ ചരക്കുകൾ ഇല്ലാത്തതിനെ തുടർന്ന് നിരവധി ഷെഡുകളും ഐസ് ഫാക്ടറികളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ജോലി ഇല്ലാത്തതിനെ തുടർന്ന് പലരും തൊഴിലുറപ്പ് ജോലികളിലേക്ക് ചുവട്മാറി.

വേണം ആനുകൂല്യങ്ങൾ

ഇടനിലക്കാർ ലക്ഷങ്ങൾ ലാഭം കൊയ്യുന്നുണ്ടങ്കിലും പീലിംഗ് ഷെഡിലെ തൊഴിലാളികൾ ഇന്നും പട്ടിണിയുടെ വക്കിലാണ്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ തണുത്തുറച്ച മുറിയിലിരുന്ന് ജോലി ചെയ്താൽ കിട്ടുന്നത് 500 രൂപയാണ്. ഷെഡുകളിൽ ജോലി ചെയ്യുന്നത് 90 ശതമാനവും സ്ത്രീകളാണ്. നിന്ന നിൽപ്പിൽ തണുപ്പ് വകവെക്കാതെ ജോലി ചെയ്യുന്നതിനെ തുടർന്ന് വാതം പോലുള്ള അസുഖങ്ങൾക്കിരകളാണ് ഏറിയ പങ്കും. ഇ.എസ്.ഐ, പി.എഫ്, ബോണസ് തുടങ്ങി യാതൊരു ആനുകൂല്യവും ഇവർക്കില്ല.

പുതുതലമുറ ഈ രംഗത്തേക്ക് വരാത്തത് ഈ മേഖല തകർന്നു പോകാൻ കാരണമാകുകയാണ്. സർക്കാർ ഇടപെട്ട് തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകാൻ നടപടി സ്വീകരിക്കണം.

പള്ളുരുത്തി സുബൈർ

സംസ്ഥാന പ്രസിഡന്റ്

സീഫുഡ് പ്രൊസസിംഗ് ആൻഡ്

സെയിലേഴ്സ് അസോസിയേഷൻ

Advertisement
Advertisement