മലാവി ദുരന്തത്തിന് കാരണം പഴഞ്ചൻ വിമാനം

Wednesday 12 June 2024 4:36 AM IST

ലിലോംഗ്‌വേ:മലാവി വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമയും ഭാര്യയും ഉൾപ്പെടെ പത്ത് പേരുടെ മരണത്തിനിടയാക്കി തകർന്ന ഡോർണിയർവിമാനം 36കൊല്ലം പഴക്കമുള്ളതാണ്.

രണ്ട് കോടി മാത്രം ജനസംഖ്യയുള്ള മലാവി ലോകത്തെ ഏറ്റവും ദരിദ്രമായ നാലാമത്തെ രാജ്യമാണ്. അതിന്റെ തെളിവാണ് വൈസ് പ്രസിഡന്റ് സഞ്ചരിച്ച പഴഞ്ചൻ വിമാനം. മലാവിയൻ സൈന്യത്തിന് 1988ൽ ലഭിച്ച ഇരട്ട പ്രൊപ്പല്ലറുള്ള ഡോർണിയർ 228 വിമാനമാണ് തകർന്നത്. 19 യാത്രക്കാർക്ക് കയറാം. ടേക്ക്ഓഫിനും ലാൻഡിംഗിനും കുറഞ്ഞ സ്ഥലം മതി. ഇതിൽ എയർ ടാഫിക് കൺടോളിൽ വിവരങ്ങൾ നേരിട്ട് അറിയിക്കാനുള്ള ട്രാൻസ്പോണ്ടർ ഇല്ലായിരുന്നു എന്ന് റിപ്പോർട്ടുണ്ട്. മൊബൈൽ ടവർ

ലൊക്കേഷൻ വച്ചാണ് വിമാനം വീണ സ്ഥലം കണ്ടെത്തിയത്.

വിമാനത്തിൽ നിന്ന് ലഭിച്ച അവസാന ടവർ ലോക്കേഷൻ സൂചന പ്രകാരം എംസുസുവിന് തെക്കുള്ള വിഫിയ പർവതമേഖലയിലെ വനത്തിലായിരുന്നു തിരച്ചിൽ. 200 സൈനികരും 300 പൊലീസുകാരും വനപാലകരും റെഡ്ക്രോസും ഉൾപ്പെടെ 600ലേറെ പേർ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ തിരച്ചിൽ പകലും രാത്രിയും നീണ്ടു. തിരച്ചിലിന് അമേരിക്കൻ സേനയുടെ സി -12 ചെറു വിമാനം എത്തിച്ചിരുന്നു.ബ്രിട്ടനും​ ഇസ്രയേലും ആധുനിക സങ്കേതങ്ങൾ നൽകി. കൊടും കാടും മോശം കാലാവസ്ഥയും തെരച്ചിൽ ദുഷ്കരമാക്കി

സാ​മ്പ​ത്തി​ക​ ​വി​ദ​ഗ്ദ്ധ​ൻ​ ​

സാ​മ്പ​ത്തി​ക​ ​വി​ദ​ഗ്ദ്ധ​നാ​യ​ ​സൗലോസ് ചിലിമ രണ്ടാം തവണയാണ് വൈസ് പ്രസിഡന്റായത്. ആദ്യം 2014​-​ 2019​ൽ. 2019ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുതാരികയ്ക്കും ചക്‌വേരെയ്‌ക്കും പിന്നിൽ മൂന്നാം സ്ഥാനത്തെത്തി. ക്രമക്കേടുകൾ കാരണം കോടതി വോട്ട് അസാധുവാക്കി. 2020ലെ ചരിത്രം കുറിച്ച തിരഞ്ഞെടുപ്പിൽ ചക്‌വേരയുടെ പങ്കാളിയായി. പ്രസിഡന്റ് മുതാരിക തോറ്റു. ചക്‌വേര പ്രസിഡന്റും ചിലിമ വൈസ് പ്രസിഡന്റുമായി.

Advertisement
Advertisement