മലയാളി മന്ത്രിമാരിൽ കേരളത്തിന് പ്രതീക്ഷ

Wednesday 12 June 2024 2:40 AM IST

കൊച്ചി: കേന്ദ്രമന്ത്രിസഭയിൽ സുരേഷ് ഗോപിക്കും ജോർജ് കുര്യനും ലഭിച്ച വകുപ്പുകൾ കേരളത്തിന് ഗുണകരമാകുമെന്ന് പ്രതീക്ഷ. മത്സ്യബന്ധനം, ടൂറിസം മേഖലകളിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് വളർച്ച വേഗത്തിലാക്കാൻ മന്ത്രിമാർ ഇടപെടണമെന്നാണ് ആവശ്യം.

ന്യൂനപക്ഷക്ഷേമ വകുപ്പ് ലഭിച്ചതിൽ ക്രൈസ്തവസഭകളും പ്രതീക്ഷയിലാണ്. രണ്ടാം മോദി സർക്കാർ രൂപീകരിച്ച ഫിഷറീസ് വകുപ്പ് മലയാളിക്ക് ലഭിച്ചതിൽ പ്രതീക്ഷയുണ്ടെങ്കിലും സമുദ്ര വിഭവങ്ങളിൽ വൻകിടക്കാർക്ക് പ്രാമുഖ്യം നൽകുന്ന ബ്ളു ഇക്കോണമി നയങ്ങൾ വെല്ലുവിളിയാണ്. വിദേശ ട്രോളറുകൾ പോലുള്ള വൻകിടക്കാരെ സഹായിക്കുന്ന നയങ്ങൾ ഒഴിവാക്കി മത്സ്യബന്ധന, കയറ്റുമതി മേഖലകൾക്ക് കരുത്തുപകരണം. ആഗോളതാപനം, എൽനിനോ പ്രതിഭാസങ്ങൾ മൂലം മത്സ്യലഭ്യത കുറഞ്ഞതിനാൽ പ്രതിസന്ധിയിലായവർക്ക് പാക്കേജും ആവശ്യപ്പെടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താത്പര്യമുള്ള കേരളത്തിലെ ടൂറിസം വികസനത്തിൽ പങ്കുവഹിക്കാൻ സുരേഷ് ഗോപിക്ക് കഴിയുമെന്ന് സംരംഭകർ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് തുല്യ പങ്കുള്ള ടൂറിസത്തിൽ അടിസ്ഥാനസൗകര്യ വികസനം വേഗത്തിലാക്കാൻ കേന്ദ്രത്തിന് കഴിയും. കേരളത്തിന് വിദേശത്ത് കൂടുതൽ പ്രചാരം നൽകാം. ഇക്കാര്യങ്ങൾ മന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് കേരള ട്രാവൽ മാർട്ട് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.

കൊച്ചി റിഫൈനറിയിലും അനുബന്ധമായും ആരംഭിച്ച വൻകിട പദ്ധതികളുടെ പൂർത്തീകരണം, പ്രകൃതിവാതക വിതരണം കേരളം മുഴുവൻ വ്യാപിപ്പിക്കൽ, തീരത്തെ എണ്ണപര്യവേഷണം എന്നിവയ്ക്ക് സുരേഷ് ഗോപിയുടെ പെട്രോളിയം, പ്രകൃതിവാതക വകുപ്പുകൾ സഹായമാകും. ന്യൂനപക്ഷക്ഷേമ വകുപ്പ് ജോർജ് കുര്യന് ലഭിച്ചത് ന്യൂനപക്ഷങ്ങൾ സംഘടിതരായ കേരളത്തിൽ കൂടുതൽ പദ്ധതികൾക്ക് വഴിതെളിക്കും. ദേശീയ ന്യൂനപക്ഷ കമ്മിഷൻ അംഗമായിരുന്നതിനാൽ മികച്ച പ്രവർത്തനത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.

''കേരളത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനും വികസനം വേഗത്തിലാക്കാനും മലയാളി മന്ത്രിമാർക്ക് കഴിയും."

ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്

ചെയർമാൻ

സിറോമലബർസഭ പബ്ളിക് അഫയേഴ്സ് കമ്മിഷൻ

''ടൂറിസം മന്ത്രിയെ ലഭിച്ചത് ഭാഗ്യമാണ്. കേന്ദ്രപിന്തുണ ഉറപ്പാക്കാൻ സുരേഷ് ഗോപിക്ക് കഴിയും"

ജോസ് പ്രദീപ്

പ്രസിഡന്റ്

കേരള ട്രാവൽ മാർട്ട്

''മത്സ്യമേഖലയുടെ ദീർഘകാല പ്രശ്നങ്ങളിൽ മന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു."

ചാൾസ് ജോർജ്,​പ്രസിഡന്റ്,​ കേരള മത്സ്യത്തൊഴിലാളി ഐക്യവേദി

Advertisement
Advertisement