രണ്ടാം ബാർകോഴ വിവാദം, തിരുവഞ്ചൂരിന്റെ മകൻ അർജുൻ ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച്

Wednesday 12 June 2024 12:59 AM IST

തിരുവനന്തപുരം : രണ്ടാം ബാർകോഴ വിവാദത്തിൽ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ നേരിട്ട് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി.

വിവാദ ശബ്ദരേഖ വന്ന ബാർ ഉടമകളുടെ വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു അർജുൻ എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. വെള്ളിയാഴ്ച ജവഹർനഗറിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. തിങ്കളാഴ്ച തിരുവനന്തപുരത്തെ വീട്ടിലെത്തി നോട്ടീസ് നൽകാൻ ക്രൈംബ്രാഞ്ച് ശ്രമിച്ചെങ്കിലും അർജുൻ കൈപ്പറ്റിയില്ല.തന്റെ പേരിൽ ബാറുകളില്ലെന്നും നടത്തിപ്പില്ലെന്നും പറഞ്ഞാണ് വിസമ്മതിച്ചത്. നേരിട്ട് കൈപ്പറ്റാത്തതിനാൽ ഇ മെയിലിലാണ് നോട്ടീസ് അയച്ചത്. അർജുൻ നിലവിൽ ഗ്രൂപ്പ് അഡ്മിൻ അല്ല. എന്നാൽ അംഗമാണെന്ന് പൊലീസ് പറയുന്നു.

ആരോപണത്തിന് പിന്നാലെ ബാർ ഉടമകളുടെ മൊഴിയെടുത്തപ്പോഴും വാട്സാപ്പ് ഗ്രൂപ്പ് പരിശോധിച്ചപ്പോഴുമാണ് അർജുൻ ഗ്രൂപ്പംഗമാണെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. അർജുൻ രാധാകൃഷ്ണന്റെ ഭാര്യാപിതാവിന് ബാറുണ്ട്. ഇതിന്റെ പേരിലാണ് അർജുൻ ഗ്രൂപ്പംഗമായതെന്നാണ് പൊലീസ് നിഗമനം. ഇല്ലാത്ത മദ്യനയത്തെക്കുറിച്ച് അസത്യം പ്രചരിപ്പിച്ചെന്നും തെറ്റിദ്ധാരണ സൃഷ്ടിച്ച് പണം പിരിവിനുള്ള ശ്രമം നടത്തിയെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് മന്ത്രി എം.ബി രാജേഷ് ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം.

എന്റെ ഏതു നമ്പരെന്ന് വ്യക്തമാക്കണം : അർജുൻ

ബാർ ഉടമകളുടെ വാട്സാപ് ഗ്രൂപ്പിൽ താനില്ലെന്ന് അർജുൻ രാധാകൃഷ്ണൻ പറഞ്ഞു. തന്റെ ഏതു നമ്പറാണ് ആ ഗ്രൂപ്പിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കണം. എന്റെ അറിവിൽ അങ്ങനെയില്ല. തെളിവ് പൊലീസും സർക്കാരും പുറത്തു കൊണ്ടുവരണം.'പൊലീസ് ഒരു നോട്ടീസും നൽകിയിട്ടില്ല. ഉദ്യോഗസ്ഥർ വിളിച്ചിരുന്നു. വീട്ടിലേക്ക് വരുമെന്നും വിശദാംശങ്ങൾ അറിയാനുണ്ടെന്നുമാണ് പറഞ്ഞത്. ബാർ ഉടമകളുടെ സംഘടനയിൽ അംഗമല്ലാത്ത ഞാൻ എങ്ങനെ അവരുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകും. മദ്യനയത്തിന്റെ മറവിൽ മൂന്നിലൊന്ന് പണവും പിരിച്ചു. പണം ഈ സർക്കാരിലുളള ആർക്കൊക്കെ കിട്ടിയെന്നാണ് അന്വേഷിക്കേണ്ടത്. ഭാര്യയുടെ കുടുംബത്തിന് വർഷങ്ങളായി ഹോട്ടൽ ബിസിനസുണ്ട്. ആ ഹോട്ടൽ ഇപ്പോൾ നടത്തുന്നത് വേറൊരാളാണ്. ഞാൻ ഇപ്പോൾ അങ്ങോട്ടേക്ക് നോക്കുന്നേയില്ല.' അർജുൻ വ്യക്തമാക്കി.

Advertisement
Advertisement