പള്ളിമുക്ക് റോഡിൽ സ്വീവേജ് പൈപ്പ് പണി തുടങ്ങി

Wednesday 12 June 2024 1:21 AM IST

തിരുവനന്തപുരം: പേട്ട - കണ്ണമ്മൂല റോഡിലെ സ്വീവേജ് പൈപ്പ് ലൈൻ മാറ്റുന്ന ജോലികൾ ഇന്നലെ തുടങ്ങി. കാലപ്പഴക്കത്തെ തുടർന്ന് ഇതുവഴിയുള്ള സ്വീവേജ് ലൈനിൽ തകരാറുണ്ടായതിനെ തുടർന്നാണ് പൈപ്പ് മാറ്റിയിടുന്നത്. പൊലീസ് സ്റ്റേഷന് സമീപത്തെ മാൻഹോളിൽ നിന്ന് അടുത്ത മാൻഹോൾ വരെ ഏതാണ്ട് 60 മീറ്റർ ദൂരത്തിലാണ് പൈപ്പ് സ്ഥാപിക്കുന്നത്. മുൻപ് ഇവിടെ പൈപ്പ് പൊട്ടിയപ്പോൾ അഞ്ച് ദിവസമെടുത്താണ് മാറ്റിയത്. നിലവിലെ സാഹചര്യത്തിൽ പണി പൂർത്തിയാകാൻ ഏഴ് മുതൽ 10 ദിവസം വരെ വേണം. എന്നാൽ വേഗത്തിൽ ജോലികൾ തീർക്കാനാണ് ശ്രമമെന്ന് സ്വീവേജ് ലൈനിന്റെ ചുമതലയുള്ള കുര്യാത്തി അസിസ്റ്റന്റ് എൻജിനിയർ പറഞ്ഞു. റോഡിന് നടുവിൽ നീളത്തിൽ കുഴിയെടുത്താണ് പൈപ്പിടുന്നത്. അതേസമയം റോഡ് കുഴിച്ച സ്ഥലത്ത് ശക്തമായ ഊറ്റുള്ളതിനാൽ കുഴിയിൽ വെള്ളം നിറഞ്ഞിട്ടുണ്ട്. കുഴിക്കുംതോറും ഊറ്റ് വർദ്ധിക്കുന്നത് വെല്ലുവിളിയായിട്ടുണ്ട്.

മാറ്റിയിടുന്നതിനുള്ള പൈപ്പും ഇവിടെ എത്തിച്ചിട്ടുണ്ട്. നിർമ്മാണങ്ങൾ നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം പൂ‍ർണമായി നിയന്ത്രിച്ചിട്ടുണ്ട്. നാലുമുക്കിലെ വൺവേ റോഡിലൂടെ ഇരുവശത്തേക്കും ഗതാഗതം അനുവദിച്ചിട്ടുണ്ട്. ഗതാഗതത്തിരക്കുള്ള റോഡായതിനാൽ വേഗത്തിൽ പണി പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

Advertisement
Advertisement