 അനധികൃതമായി തോക്ക് യു.എസ് പ്രസിഡന്റിന്റെ മകൻ കുറ്റക്കാരൻ

Wednesday 12 June 2024 2:10 AM IST

വാഷിംഗ്ടൺ: അനധികൃതമായി തോക്ക് കൈവശം വച്ച കേസിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ കുറ്റക്കാരൻ. ഡെലവേറിലേ ഫെഡറൽ കോടതിയിലെ ജൂറിയാണ് മൂന്ന് ചാർജുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 25 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ശിക്ഷ പിന്നീട് വിധിക്കും.

2018ൽ തോക്ക് വാങ്ങുന്ന സമയത്ത് തെറ്റായ വിവരങ്ങൾ നൽകി, ലഹരി ഉപയോഗം മറച്ചുവച്ചു, ലഹരി പദാർത്ഥം ഉപയോഗിച്ചിരുന്ന സമയത്ത് തോക്ക് കൈവശം വച്ചു എന്നിവയാണ് കുറ്റങ്ങൾ. തോക്ക് നിയമങ്ങളുടെ ലംഘനത്തിന് മൂന്ന് ഫെഡറൽ കുറ്റങ്ങളാണ് ഹണ്ടറിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസിൽ ഇനി ഹണ്ടർ ബൈഡൻ വിചാരണ നേരിടണം.

അമേരിക്കയിൽ ലഹരി ഉപയോഗിക്കുന്നവർക്ക് തോക്ക് കൈവശം വെയ്ക്കാനാവില്ല. 2018ലെ കേസിലാണ് ഹണ്ടർ ബൈഡനെതിരെ കുറ്റപത്രം സമർപ്പിച്ചത്. ഡെലവെയറിലെ യു.എസ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തോക്ക് നിയമ ലംഘനത്തിന് പരമാവധി ശിക്ഷ 25 വർഷം തടവാണ്. 2024ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഈ കേസ് ജോ ബൈഡൻ തലവേദനയായേക്കും. അമേരിക്കൻ ചരിത്രത്തിലാദ്യമായാണ് സിറ്റിംഗ് പ്രസിഡന്റിന്റെ മകനെതിരെ ജസ്റ്റിസ് ഡിപാർട്മെന്റ് കുറ്റം ചുമത്തിയത്.

നേരത്തെ നികുതി വെട്ടിപ്പ് കേസും ഹണ്ടർ ബൈഡനെതിരെ ഉയർന്നുവന്നിരുന്നു. 10 ലക്ഷം ഡോളറിന്റെ വരുമാനത്തിന് രണ്ടു വർഷം നികുതി നൽകിയില്ലെന്നാണ് കേസ്. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയോഗിച്ച അഭിഭാഷകൻ ഡേവിഡ് വെയ്സാണ് ഹണ്ടർ ബൈഡെനെതിരായ ആരോപണം അന്വേഷിച്ചത്.

Advertisement
Advertisement