വിദ്യാഭ്യാസ സ്‌കോളർഷിപ്പിന്റെ പേരിൽ തട്ടിപ്പ്

Saturday 15 June 2024 1:17 AM IST

കണ്ണൂർ: അദ്ധ്യയന വർഷം ആരംഭിച്ചതോടെ സർക്കാരിന്റെ പേരിൽ ഉപരിപഠനത്തിനുള്ള സ്‌കോളർഷിപ്പുകളും സൗജന്യ ലാപ്‌ടോപ്പുകളും വിദ്യാഭ്യാസ വായ്പയും വാഗ്ദാനം ചെയ്ത് തട്ടിപ്പുകൾ വ്യാപകം. എസ്.എസ്.എൽ.സി പരീക്ഷയിൽ 75 ശതമാനത്തിനും, പ്ലസ് ടു പരീക്ഷയിൽ 85 ശതമാനത്തിനും മുകളിൽ മാർക്ക് ലഭിച്ചവർക്ക് യഥാക്രമം 10,000 രൂപയും 25,000 രൂപയും സ്‌കോളർഷിപ്പ് ലഭിക്കുമെന്ന തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിച്ചാണ് തട്ടിപ്പ്. കൂടാതെ പ്രധാനമന്ത്രിയുടെ പേരിൽ 10 വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് നൽകുന്നതായുള്ള വാർത്തകളും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കാനായി സർക്കാരിന്റെ ലേഗോയും, മറ്റും ഉപയോഗിച്ചാണ് തട്ടിപ്പ്. പോസ്റ്റിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ നൽകാമെന്നും പറഞ്ഞാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. ലിങ്കിൽ കയറുമ്പോൾ പേരും വിലാസവും ഫേട്ടോയും ബാങ്ക് വിവരങ്ങളും മറ്റും ആവശ്യപ്പെട്ട് തട്ടിപ്പിന് ഇരയാക്കുകയാണ് ചെയ്യുന്നത്.


ജാഗ്രത പാലിക്കുക

തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930 തിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യാം. അല്ലെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബർ ക്രൈം റിപ്പോർട്ട് ചെയ്യാനുള്ള http://www.cybercrime.gov.in എന്ന പോർട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാം.

Advertisement
Advertisement