ആദിവാസികളുടെ ആവലാതി

Saturday 15 June 2024 12:52 AM IST

ഇന്ത്യയിൽ,​ ഒരു സമൂഹമെന്ന നിലയിൽ ഏറ്റവും കൂടുതൽ കബളിപ്പിക്കപ്പെട്ടിട്ടുള്ളത് ആദിവാസികളാണ്. ഇവർക്കുവേണ്ടി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ചെലവഴിച്ച തുകയ്ക്ക് കൈയും കണക്കുമില്ല. ഇവർക്ക് ഭൂമി പതിച്ചുകൊടുത്തതുപോലെ മറ്റൊരു വിഭാഗത്തിനും കൊടുത്തിട്ടില്ല. ആദിവാസി സമൂഹത്തിൽ നിന്ന് ബഹുമാന്യയായ ഒരംഗം ഇപ്പോൾ രാഷ്ട്രപതി പദവിയിൽ വരെ എത്തിയിരിക്കുന്നു. ഇതൊക്കെയാണെങ്കിലും വിവിധ ആദിവാസി ഗോത്രങ്ങളുടെ അവസ്ഥകൾ ഈ ആധുനിക കാലത്തും പരിതാപകരമാണ്. ഇവർക്കായി അനുവദിച്ച ഫണ്ടുകളുടെ സിംഹഭാഗവും ഉദ്യോഗസ്ഥ- രാഷ്ട്രീയ- നാട്ടുപ്രമാണി കൂട്ടുകെട്ടുകളാണ് അടിച്ചുകൊണ്ടുപോയത്. ആദിവാസി സമൂഹത്തിന്റെ അജ്ഞതയാണ് എല്ലാവരും മുതലെടുത്തത്.

ആദിവാസികളെ പരിഷ്‌കൃത മനുഷ്യരാക്കി മാറ്റാനാണ് എല്ലാ സർക്കാർ പദ്ധതികളും ശ്രമിച്ചത്. അത് പരാജയപ്പെട്ടതിന്റെ കാരണവും അതു തന്നെയാണ്. അത്രവേഗം പരിഷ്‌കൃതരായി മാറാൻ അവർക്കു കഴിയില്ല. പരിഷ്‌കൃത സമൂഹമെന്നാൽ എന്താണെന്നു പോലും അവർക്ക് അറിഞ്ഞുകൂടാ. അതേസമയം,​ ഇന്ത്യയിലെ പരിഷ്‌കൃത വിഭാഗങ്ങൾക്കുപോലും കൈമുതലായില്ലാത്ത ഒട്ടേറെ പ്രാചീന അറിവുകൾ ആദിവാസികൾക്കുണ്ട്. അത് പ്രോത്സാഹിപ്പിക്കാനാകട്ടെ സർക്കാർ കാര്യമായി ഒന്നും ചെയ്തില്ല! വിദ്യാഭ്യാസത്തിലൂടെ അവരുടെ ഇടയിൽ നിന്നും എല്ലാ മേഖലകളിലേക്കും വിരലിലെണ്ണാവുന്നവരാണെങ്കിൽപ്പോലും ഇപ്പോൾ കടന്നുവരുന്നുണ്ട്. അതൊരു ശുഭസൂചനയാണ്. സർക്കാർ ഉദ്യോഗസ്ഥരെ ഒരിക്കലും ആദിവാസികൾ വിശ്വസിക്കില്ല. കാരണം അവരിൽ ഭൂരിപക്ഷവും അവരെ പറ്റിച്ചിട്ടേയുള്ളൂ. അതിനാൽ,​ അവർക്കിടയിൽ നിന്ന് വിദ്യാഭ്യാസത്തിലൂടെ മുന്നോട്ടു വരുന്നവർ തന്നെ അവരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും പരിഹാരം കണ്ടെത്തുകയും വേണം.

വളരെ പരിഷ്‌കൃതമെന്ന് പേരുകേട്ട സംസ്ഥാനമായ കേരളത്തിലെ അട്ടപ്പാടിയിൽ കഴിയുന്ന ആദിവാസികളുടെ ജീവിതം ഇപ്പോഴും അത്ര പരിഷ്‌കൃതമല്ല. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ അട്ടപ്പാടിയിൽ നിന്ന് ഒരുസംഘം സ്‌ത്രീകളും പുരുഷന്മാരും ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ വന്നു കണ്ട് ഒരു പരാതി നൽകുകയുണ്ടായി. മൂന്നു തലമുറകളായി കൃഷിചെയ്യുന്ന ഭൂമിക്കു മേൽ തമിഴ്‌നാട് സ്വദേശി അവകാശവാദം ഉന്നയിച്ചെന്നും തങ്ങൾ കുടിയിറക്കൽ ഭീഷണിയിലുമാണെന്ന ഗുരുതരമായ പരാതിയാണ് അവർ ഉന്നയിച്ചത്. വളരെ ചെറിയ തുകകൾ വായ്‌പ നൽകിയാണ് തലമുറകളായി ഇവരെ കടക്കാരായി മാറ്റി,​ ഇവരുടെ ഭൂമി പലരും തട്ടിയെടുക്കുന്നത്. ഇത് തടയാൻ സാധാരണ ഗതിയിൽ സർക്കാർ ഒന്നും ചെയ്യാറില്ല. പരമ്പരാഗതമായി കൈവശം വച്ച് അനുഭവിക്കുന്നതും ഇവർക്ക് പട്ടയം കിട്ടിയതുമായ 375 ഏക്കർ ഭൂമി പുറത്തുനിന്നുള്ളവർ കൈയേറിയെന്നും ഇവർ ധരിപ്പിച്ചു.

കൈയേറ്റക്കാർക്ക് പൊലീസും ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുകയാണെന്നും അതിനാൽത്തന്നെ ഇവരുടെ പരാതികൾ ഉദ്യോഗസ്ഥർ നിരന്തരം അവഗണിക്കുകയാണെന്നും ആദിവാസി സംഘം കോടതിയെ ധരിപ്പിച്ചു. മറ്റൊരു ഗതിയും ഇല്ലാത്തതുകൊണ്ട് അവസാന ആശ്രയമെന്ന നിലയിലാണ് ഇവർ കോടതിയെ സമീപിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.ജെ. ദേശായിയെയും രജിസ്ട്രാർ ജനറൽ പി. കൃഷ്ണകുമാറിനെയും നേരിൽക്കണ്ടാണ് ഇവർ പരാതി ബോധിപ്പിച്ചത്. പ്രശ്നത്തിൽ കോടതി അടിയന്തര ഇടപെടൽ നടത്തിയത് അഭിനന്ദനീയമായ നടപടിയാണ്. കേരള ലീഗൽ സർവീസസ് അതോറിട്ടി പരാതി എഴുതി വാങ്ങാനും പാലക്കാട് ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിക്ക് കൈമാറി തുടർനടപടി സ്വീകരിച്ച്,​ ഹൈക്കോടതിയെ അറിയിക്കാനുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരും ഈ പ്രശ്നത്തിൽ ഇടപെട്ട് ഇവരുടെ ആവലാതി പരിഹരിക്കാൻ നടപടി സ്വീകരിക്കണം.

Advertisement
Advertisement