കുവൈറ്റ് ദുരന്തം : നിറമിഴിയോടെ ജന്മനാട്

Saturday 15 June 2024 12:22 AM IST

തിരുവല്ല : കടലിനുമപ്പുറം ജീവിതമാർഗം തേടിപ്പോയി ആഘോഷത്തോടെ തിരികെ എത്തേണ്ടയിരുന്ന പ്രിയരുടെ ചേതനയറ്റ ശരീരങ്ങൾ ജന്മനാട്ടിലെത്തിച്ചു. ഭൗതികശരീരങ്ങൾ ജില്ലാ ഭരണകൂടവും ബന്ധുക്കളും ചേർന്ന് ജില്ലാ അതിർത്തിയായ ഇടിഞ്ഞില്ലത്ത് നിന്ന് ഏറ്റുവാങ്ങി. നാട്ടുകാരും ബന്ധുക്കളും ഉദ്യോഗസ്ഥരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ ഇവിടെ എത്തിച്ചേർന്നിരുന്നു. കുവൈറ്റിലെ ജംഗഫിൽ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ കത്തിയമർന്ന തിരുവല്ല പെരിങ്ങര മേപ്രാൽ മരോട്ടിമൂട്ടിൽ തോമസ് സി ഉമ്മൻ (37), പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കൽ ഷിബു വർഗീസ് (38), പാണ്ടനാട് മനക്കണ്ടത്തിൽ മാത്യു തോമസ് (54), പന്തളം ഐരാണിക്കുഴി ശോഭാലയത്തിൽ ആകാശ് എസ് നായർ (31) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്. ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നിന് ജില്ലാ അതിർത്തിയിൽ എത്തിച്ച മൃതദേഹങ്ങൾ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ, ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ്, ജില്ലാ പൊലീസ് മേധാവി അജിത്കുമാർ, ഡിവൈ.എസ്.പി എസ് അഷാദ്, സി.ഐ ബി.കെ. സുനിൽ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ഏറ്റുവാങ്ങിയത്. തുടർന്ന് വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തോമസ് സി ഉമ്മൻ, മാത്യു തോമസ്, ഷിബു വർഗീസ് എന്നിവരുടെ മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. ആകാശിന്റെ മൃതദേഹം പന്തളത്തേക്ക് കൊണ്ടുപോയി. തോമസ് സി ഉമ്മന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്കുശേഷം 4ന് മേപ്രാലിലെ വസതിയിൽ എത്തിക്കും. തുടർന്ന് നാളെ രണ്ടിന് മേപ്രാൽ സെന്റ് ജോൺസ് ഓർത്തോഡോക്സ് പള്ളിയിൽ സംസ്കാരം നടത്തും.

Advertisement
Advertisement