സ്മാർട്ടാവും റോഡുകൾ

Saturday 15 June 2024 12:02 AM IST
റോഡുകൾ

@ കോഴിക്കോടിന് 31.75 കോടി

കോഴിക്കോട്: സംസ്ഥാനത്തെ 117 റോഡുകളുടെ പുനർനിർമാണത്തിന് 269.19 കോടി രൂപയുടെ ഭരണാനുമതി. രണ്ട് നടപ്പാലങ്ങൾക്ക് 7.12 കോടിയും 19 കെട്ടിടങ്ങൾക്ക് 37 കോടി രൂപയും അനുവദിച്ചു. കോഴിക്കോട് ജില്ലയിലെ റോഡുകൾക്ക് 31.75 കോടിയുടെ ഭരണാനുമതി ലഭിച്ചു. ബാലുശ്ശേരി മണ്ഡലത്തിലെ ഏകരൂൽ-കാക്കൂർ റോഡ് നവീകരണത്തിന് രണ്ടു കോടിയും ബാലുശ്ശേരി -കൂരാച്ചുണ്ട് റോഡിന് രണ്ടു കോടിയും കുറ്റ്യാടി മണ്ഡലത്തിലെ തിരുവള്ളൂർ ആയഞ്ചേരി റോഡിന് മൂന്ന് കോടിയും കടത്തനാടൻ കല്ല്-നല്ലോരപ്പളളി റോഡിനു 3 . 5 കോടിയും തിരുവമ്പാടി മണ്ഡലത്തിലെ കാക്കവയൽ കണ്ണപ്പൻകുണ്ട്-വെസ്റ്റ് കൈതപ്പൊയിൽ റോഡിന് രണ്ടു കോടിയും കാരമൂല ജംഗ്ഷൻ തേക്കും കുറ്റി-മരഞ്ചാട്ടി റോഡിനു 4 . 5 കോടിയും കുന്നമംഗലം മണ്ഡലത്തിലെ പൂവാട്ടുപറമ്പ് കൂട്ടായിതാഴം റോഡിനു മൂന്നു കോടിയും നാദാപുരം മണ്ഡലത്തിലെ പാറക്കടവ്-വളയം റോഡ്, തളീക്കര-ചങ്ങരംകുളം റോഡ്, കുമ്മങ്കോട് വാരിക്കോളി റോഡ്, കല്ലങ്കോട്-പുളിമുക്ക് റോഡ് മുള്ളൻകുന്ന്-ജാനകിക്കാട് റോഡ്, എടത്തിൽമുക്ക് -കോടഞ്ചേരി പാലം റോഡ് എന്നിവയ്ക്കായി മൂന്നു കോടിയും കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ കക്കോടി കണ്ണാടിക്കൽ റോഡ് ആദ്യഘട്ട നവീകരണത്തിന് 1.25 കോടിയും കൊടുവള്ളി മണ്ഡലത്തിലെ കാപ്പാട്-തുഷാരഗിരി-അടിവാരം റോഡിനു രണ്ടു കോടിയും ആണ് അനുവദിച്ചത്. കുന്ദമംഗലം മണ്ഡലത്തിലെ ചാത്തമംഗലത്ത് എക്‌സൈസ് റെയ്ഞ്ച് ഓഫീസ് നിർമാണത്തിന് 1.5 കോടിയും ബാലുശ്ശേരി മണ്ഡലത്തിലെ തലയാട് ആയുർവേദ ആശുപത്രി നിർമാണത്തിന് രണ്ടു കോടി രൂപയും അനുവദിച്ചു.

' റോഡുകൾ ബി.എം.ബി.സി നിലവാരത്തിൽ പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായാണ് തുക അനുവദിച്ചിട്ടുള്ളത്. 17 റോഡുകളുടെ നവീകരണത്തിനും രണ്ടു കെട്ടിടങ്ങളുടെ നിർമാണത്തിനുമാണ് ജില്ലയിൽ ഭരണാനുമതി നൽകിയത്'. പി.എ. മുഹമ്മദ് റിയാസ് പൊതുമരാമത്ത് മന്ത്രി

Advertisement
Advertisement