തിരഞ്ഞെടുപ്പ് അക്രമങ്ങൾ : ബംഗാളിൽ മരണത്തിന്റെ താണ്ഡവമെന്ന് ഗവർണർ ; മമത സർക്കാരിനോട് വിശദീകരണം തേടി

Saturday 15 June 2024 2:16 AM IST

ന്യൂഡൽഹി : തിരഞ്ഞെടുപ്പ് അക്രമങ്ങളിൽ മമത സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബംഗാൾ ഗവർണർ ഡോ. സി. വി. ആനന്ദബോസ്. ബംഗാളിലെ ചില മേഖലകളിൽ മരണത്തിന്റെ താണ്ഡവമാണ്. തന്നെ കാണുന്നതിൽ നിന്ന് ഇരകളെയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെയും

പൊലീസ് വിലക്കി. രാജ്ഭവനിലേക്ക് ഇരകൾ വരുന്നത് തടയുകയാണ്. മുഖ്യമന്ത്രി ഭരണഘടന പാലിക്കുന്നില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ടു ഗവർണർ കത്ത് നൽകി.

തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അതിക്രമങ്ങളിലും റിപ്പോർട്ട്‌ തേടി. ഇരകൾ രാജ്ഭവനിൽ തന്നെ സന്ദർശിക്കുന്നത് വരെ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മന്ത്രി രാജ്ഭവനിൽ പ്രവേശിക്കുന്നത് ഗവർണർ വിലക്കി. രാജ്ഭവൻ ഡ്യുട്ടിയിലുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും മാറ്റാനും നിർദ്ദേശം നൽകി. അതേസമയം, അക്രമങ്ങൾ നടന്ന ബുറാബസാറിലെ മഹേശ്വരി ഭവൻ മേഖലയിൽ ഗവർണർ ഇന്നലെ സന്ദർശനം നടത്തി. തൃണമൂൽ കോൺഗ്രസ് അക്രമം അഴിച്ചുവിട്ടെന്നാണ് ബി.ജെ.പിയുടെ ആരോപണം.

# ഇടപെട്ട് കൽക്കട്ട ഹൈക്കോടതി

ഗവർണർ അനുമതി നൽകിയിട്ടും ഇരകൾക്കും പ്രതിപക്ഷ നേതാവിനും വിലക്ക് ഏർപ്പെടുത്തിയ പൊലീസ് നടപടിയിൽ ഇടപെട്ട് കൽക്കട്ട ഹൈക്കോടതി. ഗവർണറുടെ ഓഫീസിന്റെ അനുമതിയുണ്ടെങ്കിൽ ഇരകൾക്ക് ഗവർണറുമായി കൂടിക്കാഴ്ചയാകാം. ഗവർണർ വീട്ടു തടങ്കലിൽ ആണോയെന്നും കോടതി ചോദിച്ചത് ശ്രദ്ധേയമാണ്.

Advertisement
Advertisement