മിശ്ര വിവാഹം നടത്തിയതില്‍ പക, സിപിഎം ഓഫീസ് അടിച്ച് തകര്‍ത്ത് യുവതിയുടെ വീട്ടുകാര്‍

Saturday 15 June 2024 9:12 PM IST

തിരുന്നല്‍വേലി: ദളിത് യുവാവുമായി യുവതിയുടെ വിവാഹം നടത്തിക്കൊടുത്തതിലെ പ്രതികാരത്തെ തുടര്‍ന്ന് സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് അടിച്ച് തകര്‍ത്തു. സിപിഎമ്മിന്റെ തമിഴ്‌നാട് തിരുന്നല്‍വേലിയിലെ പാര്‍ട്ടി ഓഫീസാണ് യുവതിയുടെ ബന്ധുക്കള്‍ ഉള്‍പ്പെട്ട സംഘം അടിച്ച് തകര്‍ത്തത്. ഓഫീസിലെ സാധനങ്ങളും കെട്ടിടവും നശിപ്പിച്ച സംഘം രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വ്യത്യസ്ത ജാതിയില്‍പ്പെട്ടവരെ വിവാഹം കഴിക്കാന്‍ പാര്‍ട്ടി സഹായിച്ചതിനാല്‍ വെള്ളിയാഴ്ച തിരുനെല്‍വേലിയിലെ പാര്‍ട്ടി ഓഫീസ് ചില ഉയര്‍ന്ന ജാതിക്കാര്‍ തകര്‍ത്തുവെന്ന് സിപിഎം തമിഴ്നാട് ഘടകം ആരോപിച്ചിരുന്നു. ജൂണ്‍ 13 ബുധനാഴ്ചയാണ് മദന്‍ കുമാര്‍ (28), ഉദയ ദാക്ഷായണി (23) എന്നിവര്‍ തമ്മിലുള്ള വിവാഹം സിപിഎമ്മും തൊട്ടുകൂടായ്മ നിര്‍മാര്‍ജന മുന്നണിയും ചേര്‍ന്ന് നടത്തിയത്. ദളിത് വിഭാഗത്തില്‍പ്പെട്ട ആളായതിനാല്‍ തന്നെ മദനുമായുള്ള വിവാഹം നടത്തിക്കൊടുക്കാന്‍ ഉദയയുടെ വീട്ടുകാര്‍ തയ്യാറായിരുന്നില്ല.

വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് യുവതി മദന് ഒപ്പം ഇറങ്ങിപ്പോകുകയായിരുന്നു. രജിസ്റ്റര്‍ വിവാഹം ചെയ്യാനായി രജിസ്റ്റര്‍ ഓഫീസില്‍ പോകാനിരിക്കെയാണ് ഉദയയുടെ വീട്ടുകാര്‍ ഇവരെ തടഞ്ഞത്. തുടര്‍ന്ന് ഇരുവരും പ്രദേശത്തെ സിപിഎം ഓഫീസിലെത്തി അഭയം തേടുകയായിരുന്നു. പാര്‍ട്ടി ഇടപെട്ട് ഇവരെ സംരക്ഷിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇക്കാര്യം അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാരാണ് പാര്‍ട്ടി ഓഫീസിലേക്ക് അതിക്രമിച്ച് കയറിയത്. 25 പേരടങ്ങുന്ന സംഘമാണ് പാര്‍്ട്ടി ഓഫീസിലേക്ക് അതിക്രമിച്ച് കയറി പ്രശ്‌നങ്ങളുണ്ടാക്കിയത്.

കുടുംബവുമായി സംസാരിച്ച് വിവാഹം നടത്തിക്കൊടുക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ ഇക്കാര്യം ചെവിക്കൊണ്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ യുവതിയുടെ മാതാപിതാക്കളടക്കം 10 പേരെ അറസ്റ്റ് ചെയ്തു. മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.