പരിഹാസവുമായി പവാർ, മോദിക്ക് നന്ദി, റാലി നടത്തിയിടത്ത് എല്ലാം ഞങ്ങൾ വിജയിച്ചു

Sunday 16 June 2024 1:07 AM IST

മുംബയ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് എൻ.സി.പി നേതാവ് ശരദ് പവാർ. മഹാരാഷ്ട്രയിൽ മോദി

തിരഞ്ഞെടുപ്പ് റാലികൾ നടത്തിയിടത്തെല്ലാം മഹാവികാസ് അഘാഡി സഖ്യത്തിന് (എം.വി.എ)​ വിജയിക്കാനായി. അതിനാൽ നന്ദി പറയേണ്ടത് തന്റെ കടമയാണ്. എം.വി.എയ്ക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാക്കിയതിന് മോദിക്ക് ഞങ്ങൾ നന്ദി പറയുന്നു- എന്നായിരുന്നു പരിഹാസം. ഒപ്പം നിന്നതിന് ജനങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.
ശിവസേന നേതാവ് ഉദ്ധവ് താക്കറെ, കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ എന്നിവർക്കൊപ്പം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി. സഖ്യം വിട്ട് മടങ്ങിവരാൻ ആഗ്രഹിക്കുന്നവരെ ഒരിക്കലും തിരിച്ചെടുക്കില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യം മത്സരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് വിജയം തുടക്കം മാത്രമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യം വിജയം ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അജിത് പവാറിനെ തിരിച്ചെടുക്കാനുള്ള സാദ്ധ്യത ശരദ് പവാർ തള്ളി. ഓരോ സീറ്റും പരിഗണിച്ച് സീറ്റ് വിഭജനം നടത്തുമെന്നും ചർച്ച നടത്തുമെന്നും പൃത്വിരാജ് ചവാൻ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ തിരിച്ചടിയാണ് മഹാരാഷ്ട്രയിലുണ്ടായത്. 2019ലെ 23 സീറ്റുകളിൽ നിന്ന് ബി.ജെ.പി 9 സീറ്റുകളിലേക്കൊതുങ്ങി. 18 സീറ്റുകളിൽ മോദി ഒന്നിലധികം റോഡ് ഷോകൾ നടത്തിയിരുന്നു. ഇതിൽ 15 ഇടത്തും എൻ.ഡി.എയ്ക്ക് വിജയിക്കാനായില്ല.

Advertisement
Advertisement