സ്വീഡിഷ് വ്യോമാതിർത്തി ലംഘിച്ച് റഷ്യൻ വിമാനം

Sunday 16 June 2024 6:42 AM IST

സ്റ്റോക്ക്‌ഹോം: സ്വീഡന്റെ വ്യോമാതിർത്തി ലംഘിച്ച് റഷ്യയുടെ എസ്.യു - 24 ബോംബർ വിമാനം. വെള്ളിയാഴ്ച ബാൾട്ടിക് കടലിലെ സ്വീഡന്റെ തന്ത്രപ്രധാന ദ്വീപായ ഗോട്ട്‌ലൻഡിന് കിഴക്കാണ് റഷ്യൻ വിമാനം വ്യോമപരിധി ലംഘിച്ചതെന്ന് സ്വീഡിഷ് മിലിട്ടറി ഇന്നലെ അറിയിച്ചു. റഷ്യയിലെ കലിനിൻഗ്രാഡിൽ നിന്ന് 350 കിലോമീറ്റർ അകലെയാണ് ഗോട്ട്‌ലൻഡ്. വിമാനം ശ്രദ്ധയിൽപ്പെട്ട ഉടൻ രണ്ട് ജെ.എ.എസ് - 39 യുദ്ധവിമാനങ്ങളെ നിരീക്ഷണത്തിന് വിന്യസിച്ചെന്നും ഇവ റഷ്യൻ വിമാനത്തിന് മുന്നറിയിപ്പ് നൽകി തങ്ങളുടെ വ്യോമാതിർത്തിയിൽ നിന്ന് പുറത്താക്കിയെന്നും സ്വീഡൻ വ്യക്തമാക്കി. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് രണ്ട് ദശാബ്ദം നീണ്ട സൈനിക നിഷ്‌പക്ഷ നിലപാട് ഉപേക്ഷിച്ച് സ്വീഡൻ നാറ്റോ സൈനിക സഖ്യത്തിന്റെ ഭാഗമായത്. നീക്കം റഷ്യയെ പ്രകോപിപ്പിച്ചിരുന്നു. വ്യോമാതിർത്തി ലംഘിച്ച സംഭവം അംഗീകരിക്കാനാകില്ലെന്ന് സ്വീഡിഷ് വിദേശകാര്യ മന്ത്രി റ്റോബിയാസ് ബിൽസ്ട്രോം പറഞ്ഞു. സ്റ്റോക്ക്ഹോമിലെ റഷ്യൻ എംബസി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ റഷ്യ പ്രതികരിച്ചിട്ടില്ല. 2022ൽ ഗോട്ട്ലൻഡിന് സമീപത്ത് വച്ച് നാല് റഷ്യൻ വിമാനങ്ങൾ സ്വീഡന്റെ വ്യോമാതിർത്തി ലംഘിച്ചിരുന്നു.

Advertisement
Advertisement