തുടർ വിദ്യാഭ്യാസം തുടരട്ടെ, സജീവമായി

Monday 17 June 2024 12:08 AM IST

ഇന്നത്തെ കേരളത്തിന്റെ ഭാഗമായ തിരുവിതാംകൂറിലെയും കൊച്ചിയിലെയും സാക്ഷരതാ ശതമാനം സ്വാതന്ത്ര്യത്തിന് തൊട്ടുമുൻപു തന്നെ താരതമ്യേന ഉയർന്നതായിരുന്നു. അപ്പോഴും 50 ശതമാനം സാക്ഷരത നമ്മുടെ പ്രതീക്ഷകൾക്ക് അപ്പുറത്തായിരുന്നു. പ്രാഥമിക വിദ്യാലയങ്ങൾ താലൂക്കുകൾ തോറും ഉണ്ടാകണമെന്ന പാർവതീഭായി റാണിയുടെ വിളംബരത്തിന്റെ പശ്ചാത്തലം ഇതായിരുന്നു. ക്രൈസ്തവ മിഷണറിമാരും നവോത്ഥാന നായകരും വഹിച്ച ക്രാന്തദർശിത്വത്തിനും പ്രാധാന്യമുണ്ടായിരുന്നു. വീട്ടിനുള്ളിലെ നെല്ലറകൾ തുറക്കാനും അടച്ചുപൂട്ടാനും സ്വാതന്ത്ര്യമുണ്ടായിരുന്ന തറവാട്ടമ്മമാർക്കും അക്ഷരജ്ഞാനവും കണക്കും അനിവാര്യമായിരുന്നെന്ന് ഓർക്കണം.

'പള്ളികൾ തോറും പള്ളിക്കൂടങ്ങൾ സ്ഥാപിക്കുക" എന്ന ജൈനഭിഷുക്കളുടെ ആദർശത്തെപ്പറ്റി വരാപ്പുഴയിലെ മെത്രാനായിരുന്ന ബച്ചിനെല്ലിക്കും അറിവുണ്ടെന്നു വരാം. ബച്ചിനെല്ലിയുടെ പത്തൊമ്പതാം നൂറ്റാണ്ടിലെ ഇടയലേഖനം നടപ്പിലാക്കിയത് കുട്ടനാട്ടുകാരനായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനായിരുന്നു. ശേഷിക്കുന്ന നിരക്ഷകർക്കായി നൈറ്റ് സ്കൂളുകൾ നടത്താൻ സന്നദ്ധ സംഘടനകൾ തയ്യാറാകുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ്. അവയ്ക്കൊന്നും നിർഭാഗ്യവശാൽ നൈരന്തര്യം ഉണ്ടായില്ല. സ്വാതന്ത്ര്യാനന്തരം വ്യാപകമായ നമ്മുടെ ഗ്രന്ഥശാലാ പ്രസ്ഥാനം നിരക്ഷരതാ നിർമ്മാർജ്ജനത്തെ അവരുടെ കർമ്മപരിപാടികളിൽ ഒന്നായി അംഗീകരിച്ചു. വായനാശീലം വളർത്തുന്നതിലാണ് ഇവിടുത്തെ ഗ്രന്ഥശാലകൾ വിജയിച്ചത്. 'വായിച്ചു വളരുക' എന്ന മുദ്രാവാക്യത്തെ മലയാളികൾ തുടർന്ന് ഏറ്രെടുക്കുകയും ചെയ്തു.

അക്ഷരയജ്ഞം

ജനകീയമായി

അനൗപചാരിക വിദ്യാഭ്യാസം കൂടുതൽ ജനകീയമാക്കേണ്ടത് എങ്ങനെ വേണമെന്ന അന്വേഷണത്തിലായിരുന്നു കാൻഫെഡ് പോലുള്ള സന്നദ്ധസംഘടനകൾ. സർക്കാർ സംവിധാനത്തെ പൂർണമായി പ്രയോജനപ്പെടുത്തി, സാക്ഷരതാ പ്രസ്ഥാനം ജനകീയമാക്കുവാനും വ്യാപിപ്പിക്കുവാനും 1990-1991 കാലത്തെ കേരള സർക്കാ‌ർ തയ്യാറായി. കേരളത്തിന്റെ പ്രവർത്തനങ്ങളെ ദേശീയ സാക്ഷരതാ മിഷനും പൂർണമനസോടെ പിന്തുണച്ചു. സാക്ഷരതാ പ്രവർത്തനങ്ങളെ ജനകീയോത്സവമാക്കുവാൻ കഴിഞ്ഞുവെന്നതാണ് സമ്പൂർണ സാക്ഷരതാ പ്രസ്ഥാനത്തിന്റെ നേട്ടം. കേരള ശാസ്ത്രസാഹിത്യ പരിഷത്തുപോലെയുള്ള സന്നദ്ധസംഘടനകൾക്കും ഇക്കാലത്ത് നിർണായക സംഭാവനകൾ നൽകാൻ കഴിഞ്ഞു. ആ നേട്ടങ്ങൾ നിലനിറുത്താനുള്ള പ്രവർത്തനങ്ങളാണ് സമ്പൂർണ സാക്ഷരതാ പ്രഖ്യാപനത്തിനു (1991) ശേഷം ഇവിടെ നടന്നത്. പ്രവർത്തകർ സ്വാഭാവികമായും അലസരായി!

സമ്പൂർണ സാക്ഷരത നേടിയെന്ന പ്രഖ്യാപനം ഉണ്ടാകുമ്പോഴും ആറു ശതമാനം ഇവിടെ നിരക്ഷരരായി തുടർന്നിരുന്നു എന്ന കാര്യവും നമ്മൾ സൗകര്യപൂർവം വിസ്മരിച്ചു. 1998 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ തുടർവിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന സാക്ഷരതാ മിഷൻ തീരുമാനിക്കുന്നത് ഈ പശ്ചാത്തലത്തിലാണ് (സംസ്ഥാന സാക്ഷരതാ മിഷന്റെ അന്നത്തെ ചുമതലക്കാരൻ ഈ ലേഖകനായിരുന്നു.)

സാക്ഷരതയ്ക്കും

അപ്പുറത്തേക്ക്

നിലവിലുള്ള ഔപചാരിക വിദ്യാഭ്യാസത്തിനു പകരംവയ്ക്കാവുന്ന ഒരു പദ്ധതിയായാണ് തുല്യതാ പരിപാടിയെ സംസ്ഥാന സാക്ഷരതാ മിഷൻ അന്ന് വിഭാവനം ചെയ്തത്. പൊതുവിദ്യാഭ്യാസവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ഒന്നിച്ചു കൊണ്ടു പോകാനുള്ള സിലബസുകൾക്ക് തുടർന്ന് സംസ്ഥാനം രൂപം കൊടുത്തു. നാല്, ഏഴ് എന്നീ തുല്യതാ ക്ലാസുകൾക്കുള്ള സിലബസുകളും തയ്യാറാക്കി. ട്രൈബൽ ലിറ്ററസി പ്രവർത്തകർക്കായി പണിയ, കുറുംബ, ഇരുള തുടങ്ങിയ ഗോത്രവർഗക്കാരുടെ ഭാഷാഭേദങ്ങളെ അംഗീകരിക്കുന്ന ട്രൈബൽ പാഠപുസ്തകങ്ങൾ തയ്യാറാക്കി. 'സാക്ഷരതയ്ക്കപ്പുറം" എന്ന ആശയത്തിന്റെ ഭാഗമായി വികസന സാക്ഷരത, കമ്പ്യൂട്ടർ സാക്ഷരത, ജല സാക്ഷരത, നിയമ സാക്ഷരത, പാർപ്പിട സാക്ഷരത, പൈതൃക സാക്ഷരത, ഔഷധ സാക്ഷരത എന്നിങ്ങനെയുള്ള നൂതന അവബോധ പ്രസ്ഥാനങ്ങൾക്കും സാക്ഷരതാ മിഷൻ രൂപം നൽകി.

സാക്ഷരതാ പഠിതാക്കൾക്കും പ്രവർത്തകർക്കുമായി മുന്നൂറോളം പുസ്തകങ്ങൾ 1997-2001 കാലത്ത് പ്രസിദ്ധീകരിച്ചു. ദേശീയതലത്തിൽ നൂതനാശയങ്ങൾ ശ്രദ്ധിക്കപ്പെട്ടു. 2001-ലെ യുനെസ്കോ- നാഷണൽ ലിറ്ററസി മിഷൻ അവാ‌ർഡ് കേരള സാക്ഷരതാ മിഷനാണ് ലഭിച്ചത്. തുടർവിദ്യാഭ്യാസ പദ്ധതി കേരളത്തിൽ ആരംഭിച്ചിട്ട് 25 വർഷങ്ങൾ കഴിഞ്ഞു. തുല്യതാപരിപാടി പത്താം ക്ലാസിലേക്കും പന്ത്രണ്ടാം ക്ലാസിലേക്കും വ്യാപിപ്പിക്കുവാൻ ഇതിനിടെ നമുക്കു കഴിഞ്ഞു. എന്നിട്ടും ആ രജതജൂബിലി ഇന്നത്തെ സർക്കാർ തിരിച്ചറിഞ്ഞില്ല.

ത്രിതല പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു രൂപംകൊണ്ട് സാക്ഷരതാ സമിതികളും നാലായിരത്തോളം പ്രേരക്മാരും അവരെ നയിച്ചിരുന്ന ജില്ലാ ഓഫീസർമാരുമായിരുന്നു പദ്ധതിയെ വിജയിപ്പിച്ചത്. അവരിൽ നിന്ന് പഞ്ചായത്ത് മെമ്പർമാർ ഉണ്ടായി. ഇനിയും ചിലർ സാമൂഹ്യബോധമുള്ള ഉദ്യോഗസ്ഥരായി. ഒരു കോളേജദ്ധ്യാപകന് എങ്ങനെ സംതൃപ്തനായ ഒരു പൊതുപ്രവർത്തകനായി മാറാൻ കഴിയുമെന്ന് ഞാനും തിരിച്ചറിഞ്ഞ കാലമായിരുന്നു അത്. പ്രോത്സാഹിപ്പിച്ചവർക്കും പരിഹസിച്ചവർക്കും ഒറ്റപ്പെടുത്തിയവർക്കും നന്ദി.

Advertisement
Advertisement