പാർലമെന്റ് വളപ്പിലെ പ്രേരണാസ്ഥൽ തുറന്നു

Monday 17 June 2024 12:40 AM IST

ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ അടക്കം പ്രതിമകൾ ഒന്നിച്ച് കാണാൻ അവസരമൊരുക്കുന്ന പാർലമെന്റ് വളപ്പിലെ 'പ്രേരണാസ്ഥൽ' ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ ഉദ്ഘാടനം ചെയ്‌തു. ഇന്ത്യാ ചരിത്രത്തിലും സംസ്‌കാരത്തിലും സ്വാതന്ത്ര്യസമരത്തിലും സുപ്രധാന സംഭാവനകൾ നൽകിയ 15 നേതാക്കളുടെ പ്രതിമകളാണ് ഇവിടെയുള്ളത്. പ്രതിമകൾക്ക് ചുറ്റും പുൽത്തകിടികളും പൂന്തോട്ടങ്ങളും ഒരുക്കിയിട്ടുണ്ട്. പുതിയ പാർലമെന്റിന്റെ നിർമ്മാണത്തിന്റെ ഭാഗമായുള്ള മോടി പിടിപ്പിക്കലിന്റെ ഭാഗമായാണിത്.

മുൻ സ്‌പീക്കർ ഒാം ബിർള, രാജ്യസഭ ഉപാദ്ധ്യക്ഷൻ ഹരിവംശ്, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പാർലമെന്റ് വളപ്പിൽ വിവിധ സ്ഥലങ്ങളിൽ സ്ഥിതി ചെയ്‌തിരുന്ന പ്രതിമകൾ എവിടെയാണെന്ന് പോലും പല സന്ദർശകർക്കും അറിയില്ലായിരുന്നുവെന്ന് ഒാം ബിർള പറഞ്ഞു.

കോൺഗ്രസിന്റെ പ്രതിഷേധം

ഗാന്ധിജിയുടെയും ഡോ.അംബേദ്കറുടെയും പ്രതിമകൾ ശ്രദ്ധിക്കപ്പെടുന്ന ഇടങ്ങളിൽ നിന്ന് വളപ്പിലെ ഒരു കോണിലേക്ക് മാറ്റിയത് യാതൊരു കൂടിയാലോചനയും ഇല്ലാതെയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ കുറ്റപ്പെടുത്തി. ഏകപക്ഷീയമായി പ്രതിമകൾ നീക്കം ചെയ്‌തത് ജനാധിപത്യത്തിന്റെ ആത്മാവിനെ ഇല്ലാതാക്കുന്ന നടപടിയാണ്. പാർലമെന്റ് വളപ്പിലെ ഓരോ പ്രതിമയുടെയും സ്ഥാനത്തിന് മൂല്യവും പ്രാധാന്യവും ഉണ്ടായിരുന്നു. പഴയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ധ്യാനാത്മക ഭാവത്തിൽ സ്ഥിതി ചെയ്തിരുന്ന ഗാന്ധി പ്രതിമയ്ക്കു മുന്നിലാണ് അംഗങ്ങൾ സമാധാനപരവും ജനാധിപത്യപരവുമായ പ്രതിഷേധങ്ങൾ നടത്തിയത്.
പാർലമെന്റ് സമുച്ചയത്തിൽ ദേശീയ നേതാക്കളുടെയും എംപിമാരുടെയും ഛായാചിത്രങ്ങളും പ്രതിമകളും സ്ഥാപിക്കുന്നതിനായുള്ള സമിതിയുടെ പ്രവർത്തനം തടസപ്പെട്ടതിലുള്ള പ്രതിഷേധവും ഖാർഗെ പ്രകടിപ്പിച്ചു.

Advertisement
Advertisement