ലഭ്യത കുറഞ്ഞു, മീനിന് തീവില

Monday 17 June 2024 12:43 AM IST

തൃപ്രയാർ: കടലിൽ മത്സ്യലഭ്യത കുറഞ്ഞതോടെ മീനിന് തീവില. സാധാരണക്കാരുടെ ഇഷ്ടമീനായ ചാളയുടെ വില 300 മുതൽ 340 രൂപ വരെയാണ്. അയലയ്ക്കും ഇതേ വില തന്നെ. ട്രോളിംഗ് നിരോധനം ആരംഭിച്ചതും മീൻവരവ് കുറഞ്ഞതുമാണ് വില വർദ്ധിക്കാൻ കാരണം.

സാധാരണ വലിയ വള്ളങ്ങൾക്ക് കൂട്ടത്തോടെ ലഭിക്കുന്ന മീൻ കടലിൽ നിന്ന് ലഭിക്കാതെ വന്നതോടെ മത്സ്യത്തൊഴിലാളികളും ദുരിതത്തിലാണ്. വലിയ വള്ളങ്ങളിൽ ഒരു തവണ കടലിൽ മീൻ പിടിക്കാൻ പോകുമ്പോൾ 40,000 ന് മുകളിൽ ചെലവ് വരും. ഇതിനാൽ മീൻ ലഭിക്കാതെ വരുമ്പോൾ വലിയ സാമ്പത്തിക നഷ്ടമാണ് സംഭവിക്കുന്നത്.

ചെറിയ വഞ്ചികളിൽ മീൻ പിടിക്കാൻ പോകുന്നവർക്ക് കുറച്ചെങ്കിലും മീൻ ലഭിക്കുന്നുണ്ട്. ഇത് വിപണിയിലെത്തുമ്പോഴാണ് തീ വില ലഭിക്കുന്നത്. ഇത് വലിയ പ്രതിസന്ധി മത്സ്യമേഖലയിൽ സൃഷ്ടിക്കുന്നുണ്ട്. അനുബന്ധ തൊഴിലാളികളും ജോലിയില്ലാതെയായതോടെ വൻ പ്രതിസന്ധിയിലാണ്. മഴ ലഭിച്ചാൽ മാത്രമേ ഇനി മത്സ്യലഭ്യതയ്ക്ക് സാദ്ധ്യതയുള്ളൂവെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

Advertisement
Advertisement