ലഹരിയെ സിക്സറടിച്ച് പറത്താൻ പൊലീസിന്റെ ട്വന്റി 20 പൂരം

Wednesday 19 June 2024 1:02 AM IST

കൊച്ചി: ഓരോ പൊലീസ് സ്റ്റേഷനിലും ഒരു ക്രിക്കറ്റ് ടീം. നാല് പൊലീസുകാരും ഏഴ് കോളേജ് വിദ്യാർത്ഥികളും അംഗങ്ങൾ. എക്സൈസും റവന്യൂവും മർച്ചന്റ്സ് യൂണിയനുമെല്ലാം ചേരുമ്പോൾ ടീമുകളുടെ എണ്ണം 54. ലോകകപ്പ് ട്വന്റി 20 പൂരം അമേരിക്കയിലും വെസ്റ്റ് ഇൻഡീസുമായി 'അടിച്ച് കയറി വരുമ്പോൾ" ബാറ്റും ബാളുമായി കളിക്കളത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് എറണാകുളം റൂറൽ ജില്ലാ പൊലീസ്. കോളേജ് വിദ്യാർത്ഥികളും പൊലീസുമായി സൗഹൃദം സൃഷ്ടിച്ച് ലഹരി വിപത്തിനെ സിക്സറസിച്ച് പറത്തുകയാണ് ലക്ഷ്യം.

ടി20 ലോകകപ്പ് മാതൃകയിൽ പൊലീസ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന് 12നാണ് തുടക്കമായത്. റൂറൽ പൊലീസ് പരിധിയിലുള്ള സ്റ്റേഷനുകളിലെ ടർഫുകളിലാണ് പ്രാഥമിക മത്സരങ്ങൾ നോക്ക് ഔട്ട് അടിസ്ഥാനത്തിൽ പുരോഗമിക്കുന്നത്. സെമി ഫൈനൽ വരെ 10 ഓവറിലും തുടർന്നുള്ള മത്സരങ്ങൾ 16 ഓവറിലുമാണ്. കലാശപ്പോരാട്ടം ലോക ലഹരിവിരുദ്ധ ദിവനമായ ജൂൺ 26ന് ആലുവയിൽ നടക്കും. വിജയികളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനങ്ങൾ.

എറണാകുളം പൊലീസും കോളേജ് വിദ്യാർത്ഥികളും ടീമിൽ

ആലുവ റൂറൽ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയാണ് ആശയത്തിന് പിന്നിൽ. ടൂർണമെന്റിനായി രണ്ട് മാസത്തെ തയ്യാറെടുപ്പ് നടത്തി. എസ്.എച്ച്.ഒമാരായിരുന്നു ടീം സെലക്ടർമാർ. വിദ്യാർത്ഥികളെ കോളേജിന്റെ പ്രതിനിധികളായാണ് തിരഞ്ഞെടുത്തത്. എ.ആർ ക്യാമ്പിൽ നിന്ന് രണ്ട് ടീമുകൾ പോരിനിറങ്ങും.

ടൂ​ർ​ണ​മെ​ന്റ് 1,​ ​ല​ക്ഷ്യം​ 3

1. കോളേജ് വിദ്യാർത്ഥികളും പൊലീസും തമ്മിലുള്ള അകൽച്ച ഇല്ലാതാക്കി അവരിലൂടെ ലഹരി വില്പനക്കാരെയും ഉപയോക്താക്കളെയും കണ്ടെത്തി മയക്കുമരുന്ന് മാഫിയകളുടെ വേരറുക്കുക

2. സ്കൂൾ, കോളേജ് വിദ്യാ‌ർത്ഥികളെ മൊബൈൽ ഗെയിമുകളിൽ നിന്ന് അകറ്റി മൈതാനങ്ങളിലേക്ക് ഇറക്കുക. പുകയില, മദ്യപാനം, ലഹരി ഉപയോഗം എന്നിവ ശീലമാക്കിയ യുവാക്കളെയടക്കം കായിക ഇനങ്ങളിലേക്ക് അടുപ്പിക്കുക.

3. ജോലിഭാരം മൂലം മാനസികസംഘർഷത്തിലായ പൊലീസുകാർക്ക് കായിക മത്സരങ്ങളിലൂടെ മാനസിക ഉന്മേഷവും കായികക്ഷമതയും നൽകുക

ഈ വർഷം 800 ലഹരിക്കേസുകൾ റൂറൽ പൊലീസ് രജിസ്റ്റർചെയ്തു. ഇതിൽ 30 ശതമാനത്തിലും കോളേജ് വിദ്യാർത്ഥികളാണ് വിവരം നൽകിയത്. ക്രിക്കറ്റ് ടൂർണമെന്റിലൂടെ കൂടുതൽ കോളേജ് വിദ്യാർത്ഥികളുമായി പൊലീസിന് ആത്മബന്ധം സൃഷ്ടിക്കാനാകും

ഡോ. വൈഭവ് സക്സേന

എറണാകുളം റൂറൽ എസ്.പി

Advertisement
Advertisement