പക്ഷിപ്പനിഭീതി : അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

Wednesday 19 June 2024 12:52 AM IST

ആലപ്പുഴ: പക്ഷിപ്പനിഭീതി നിലനിൽക്കുന്ന ജില്ലയിൽ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാൻ സാദ്ധ്യത കൂടുതലുള്ളതിനാൽ പ്രത്യേക ജാഗ്രത പുലർത്തണം. കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

ശക്തമായ ശരീരവേദന, പനി, ചുമ, ശ്വാസംമുട്ടൽ, ജലദോഷം, കഫത്തിൽ രക്തം മുതലായവ മനുഷ്യരിലെ രോഗ ലക്ഷണങ്ങളാണ്. രോഗപ്പകർച്ചയ്ക്ക് സാദ്ധ്യതയുള്ള സാഹചര്യത്തിലുള്ളവർ പനി , ജലദോഷം എന്നീ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തെയോ ആരോഗ്യപ്രവർത്തകരെയോ അറിയിക്കണം.

പക്ഷികളും മൃഗങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കണം. രോഗബാധയേറ്റ കോഴി, താറാവ് പോലെയുള്ള പക്ഷികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ, പരിപാലിക്കുന്നവർ, വളർത്തു പക്ഷികളുമായി ഇടപെഴകുന്നവർ,വീട്ടമ്മമാർ, കശാപ്പുകാർ തുടങ്ങിയവർ രോഗബാധ ഏൽക്കാതിരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണം.

സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം
രോഗബാധയുള്ള പക്ഷികളെയും ചത്തപക്ഷികളെയും, കൈകാര്യം ചെയ്യുമ്പോൾ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം

 മാസ്‌കും നീളമുള്ള കൈയ്യുറയും ധരിക്കണം.കൈകൾ സോപ്പിട്ട് കഴുകുക

 ചത്തുപോയ പക്ഷികൾ, അവയുടെ മുട്ട, കാഷ്ഠം മുതലായവ ആഴത്തിൽ കുഴിച്ചു മൂടുക

 വീട്ടിൽ വളർത്തുന്ന പക്ഷികളുടെയും മറ്റു വളർത്തു മൃഗങ്ങളുടെയും സുരക്ഷ ശ്രദ്ധിക്കുക

 ഇറച്ചി ,മാംസം എന്നിവ നന്നായി വേവിച്ചതിനു ശേഷം മാത്രം കഴിക്കുക

 സമയമെടുത്ത് പാകം ചെയ്യാൻ സാദ്ധ്യതയില്ലാത്ത മുട്ട വിഭവങ്ങൾ(ബുൾസൈ,ഓംലെറ്റ്) ഒഴിവാക്കുക

സൂക്ഷിക്കണം കാക്കകളെ

രോഗബാധയുള്ള പക്ഷികളുടെ കാഷ്ഠത്തിൽ നിന്നും മറ്റു സ്രവങ്ങളിൽ നിന്നും രോഗം വളർത്തുപക്ഷികളിലേക്കും മൃഗങ്ങളിലേക്കും പകരാൻ സാദ്ധ്യതയുണ്ട്. കാക്കയുടെ കാഷ്ഠവും മറ്റും വീണു മലിനമായ സാഹചര്യങ്ങളുമായി സമ്പർക്കത്തിൽ ആയാൽ കൈകൾസോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുകയും നന്നായി കുളിക്കുകയും വേണം

കായിപ്പുറത്ത് ആശ്വാസം

മുഹമ്മ നാലാംവാർഡ് കായിപ്പുറം പുതുവൽവെളി അജയകുമാറിന്റെ ഫാമിലെ കോഴികൾ കഴിഞ്ഞ ദിവസങ്ങളിൽ ചത്തത് പക്ഷിപ്പനി മൂലമല്ലെന്ന് പരിശോധനാഫലം. തിങ്കളാഴ്ച വൈകിട്ടാണ് ഫലം ലഭിച്ചത്.

എന്നാൽ ഒന്നാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനാൽ ഇവിടെ കള്ളിംഗ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. വളർത്തു പക്ഷികളുടെ കണക്കെടുപ്പ് പൂർത്തിയായി വരുന്നു. ഇന്നോ നാളയൊ കള്ളിംഗ് നടത്തും.

വളർത്തു പക്ഷികളോ മറ്റു പക്ഷികളോ ചത്ത് വീഴുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനത്തിലും മൃഗാശുപത്രിയിലും അറിയിക്കേണ്ടതാണ്. പക്ഷികളെ ആകർഷിക്കുന്ന രീതിയിൽ മാംസാവശിഷ്ടങ്ങളും ആഹാര അവശിഷ്ടങ്ങളും വലിച്ചെറിയരുത്

- ആരോഗ്യ വകുപ്പ്

Advertisement
Advertisement