ചരിത്ര മുന്നേറ്റത്തിൽ ഓഹരി വിപണി

Wednesday 19 June 2024 12:14 AM IST

കൊച്ചി: ആഗോള, ആഭ്യന്തര മേഖലകളിലെ അനുകൂല വാർത്തകളുടെ കരുത്തിൽ നാലാം ദിനവും ചരിത്ര മുന്നേറ്റം തുടർന്ന് ഇന്ത്യൻ ഓഹരി വിപണി. ഇന്നലെയും ബോംബെ ഓഹരി സൂചികയായ സെൻസെക്സും നിഫ്‌റ്റിയും റെക്കാഡ് ഉയരത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. സെൻസെക്സ് 308 പോയിന്റ് ഉയർന്ന് 77,301ൽ വ്യാപാരം പൂർത്തിയാക്കി. നിഫ്‌റ്റി 92.3 പോയിന്റ് നേട്ടത്തോടെ 23,557ൽ അവസാനിച്ചു. റിയൽറ്റി, ബാങ്കിംഗ് ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ശ്രീറാം ഫിനാൻസ്, പവർ ഗ്രിഡ് കോർപ്പറേഷൻ, വിപ്രോ എന്നിവയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

കത്തിക്കയറി പ്രതിരോധ ഓഹരികൾ

പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ഓഹരികളുടെ വില കത്തിക്കയറുന്നു. അഞ്ച് വർഷത്തിനിടെ പ്രതിരോധ ഉത്പന്നങ്ങളുടെ കയറ്റുമതി 50,000 കോടി രൂപയായി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവനയാണ് വിപണിക്ക് ആവേശം പകർന്നത്. ഹിന്ദുസ്ഥാൻ എയറോനാേട്ടിക‌്സ്, മാസഗൺ ഡോക്ക്‌, പാരസ് ഡിഫൻസ്, കൊച്ചിൻ ഷിപ്പ്‌യാർഡ് എന്നിവയുടെ ഓഹരി വിലകളിൽ ആറ് മുതൽ ഇരുപത് ശതമാനം വരെ വർദ്ധനയുണ്ടായി. ഭാരത് ഡൈനാമിക്സ്, ഭാരത് ഇലക്‌ട്രോണിക്‌സ് എന്നിവയുടെ വിലയിലും മികച്ച മുന്നേറ്റം ദൃശ്യമായി. പ്രതിരോധ രംഗത്ത് സ്വയംപരാപ്തതയാണ് ലക്ഷ്യമിടുന്നതെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.

Advertisement
Advertisement