മുൻഗണനാ റേഷൻ കാർഡുകളുമായി അനർഹർ ; പിഴ ഇനത്തിൽ ഈടാക്കിയത് 54 ലക്ഷം

Tuesday 18 June 2024 10:26 PM IST

കണ്ണൂർ: മുൻഗണനാ റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചതുമായി ബന്ധപ്പെട്ട് ജില്ലയിൽ പിഴ ഈടാക്കിയത് 54 ലക്ഷം രൂപ.നിശ്ചിതസമയപരിധി കഴിഞ്ഞിട്ടും കൈമാറാത്ത അനർഹമായ കാർഡുകൾ കൈവശം വച്ചവരിൽ നിന്നാണ് ഇത്രയും തുക പിഴയായി ഈടാക്കിയത്. ഇവരുടെ കാർഡുകൾ തിരിച്ചെടുത്തിട്ടുമുണ്ട്.

കേന്ദ്ര മാനദണ്ഡപ്രകാരം സംസ്ഥാനത്തെ 43 ശതമാനം പേർക്കു മാത്രമേ മുൻഗണനാ കാർഡിന് അർഹതയുള്ളൂ. അതു പൂർണമായി നൽകിക്കഴിഞ്ഞതിനാൽ അനർഹരെ ഒഴിവാക്കിയാൽ മാത്രമെ അർഹതയുള്ള ബാക്കിയുള്ളവർക്ക് ഈ കാർഡ് നൽകാൻ സാധിക്കുകയുള്ളു. അനർഹർ മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വയ്ക്കുന്നത് തുടരുന്നത് മൂലം അർഹതപ്പെട്ടവരുടെ അവസരം നഷ്ടപ്പെടുത്തുകയാണ്.പിടികൂടിയ കാർഡുകളെല്ലാം പൊതുവിഭാഗത്തിലേക്ക് മാറ്റുമെന്നും അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരും.

അനർഹർ മുൻഗണനാ കാർഡുകൾ കൈവശം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണെത്തുന്നത്. പൊതുജനങ്ങൾക്ക് പരാതി അറിയിക്കാനായി ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ വകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങിയ വാട്സ് ആപ്പ് നമ്പറിലേക്കും നിരവധി പരാതികളെത്തുന്നത്.

അനർഹരിൽ സർക്കാർ ജോലിക്കാരും ആഡംബര വീടുള്ളവരും

സർക്കാർ ജോലിയുള്ളവരും വിദേശത്ത് ഉയർന്ന വരുമാനമുള്ളവരും ആഡംബര വീട് വച്ചവരും മുൻഗണന കാർഡ് കൈവശം വച്ചവരിൽ പെടുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ താമസിച്ചിരുന്ന ഷെഡോ,തകർന്ന് വീഴാറായ വീടോ അതേ പടി നിലനിർത്തി ഈ കെട്ടിടനമ്പറിൽ മാതാപിതാക്കൾക്ക് ഈ കാർഡ് നിലനിർത്തുന്നതാണ് ഒരു രീതി.ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്നവരും ഏക്കർ കണക്കിന് ഭൂമിയുള്ളവരും ആഡംബര നികുതിയടയ്ക്കുന്നവരുമുൾപ്പെടെ നിരവധി പേരാണ് മുൻഗണനാകാർഡ് കൈവശംവച്ചതെന്ന് അധികൃതർ പറഞ്ഞു.

പിഴ കമ്പോളവില

നേരിട്ടും ടെലിഫോൺ പരാതി സെല്ലിലൂടെയും അനർഹരെപ്പറ്റി വിവരം കൈമാറാം. ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസർ അല്ലെങ്കിൽ റേഷനി ഇൻസ്‌പെക്ടറാണ് ഫീൽഡ് തല പരിശോധന നടത്തി അനർഹരെ കണ്ടെത്തുന്നത്. ജില്ലയിലെ അഞ്ച് താലൂക്ക് സപ്ലൈ ഓഫീസുകളിൽ നിന്നായി അനർഹരുടെ വിവരം ശേഖരിച്ച് ജില്ലാ സപ്ലൈ ഓഫീസർക്ക് കൈമാറിയിട്ടുണ്ട്.ദുരുപയോഗംചെയ്ത സാധനങ്ങളുടെ കമ്പോളവിലയാണ് പിന്നീട് പിഴയായി ഈടാക്കുന്നത്.പിടിച്ചെടുത്ത കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റും.

കേന്ദ്രമാനദണ്ഡപ്രകാരം മുൻഗണനകാർഡുകൾക്ക് അർഹതയുള്ളവർ 43%

Advertisement
Advertisement