തൃക്കലശാട്ടത്തോടെ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് സമാപനം

Tuesday 18 June 2024 10:30 PM IST

കൊട്ടിയൂർ:വൈശാഖ മഹോത്സവത്തിന് സമാപനം കുറിച്ച് പെരുമാൾക്ക് തൃക്കലശാട്ടം.തിങ്കളാഴ്ച രാവിലെ മണിത്തറയിലെ ചോതി വിളക്കിലെ നാളം തേങ്ങാമുറികളിലേക്ക് പകർന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. വിളക്കിറക്കിയ ശേഷം മണിത്തറയിൽ നിർമിച്ച താത്കാലിക ശ്രീകോവിൽ പിഴുതുമാറ്റി തിരുവഞ്ചിറയിൽ നിക്ഷേപിച്ചു.തുടർന്ന് കലശാഭിഷേകത്തിനുള്ള കളഭ കുംഭങ്ങൾ സ്ഥാനികർ മണിത്തറയിലേക്ക് എഴുന്നള്ളിച്ചതിന് ശേഷം കലശാട്ടം നടത്തി.

ആദ്യം വെള്ളിക്കുടത്തിലേയും തുടർന്ന് പൊന്നിൻ കുടത്തിലേയും കളഭം പെരുമാൾക്ക് അഭിഷേകം ചെയ്തു. പരികലശം ആടിയതോടെ തൃക്കലശാട്ടം പൂർത്തിയായി.തുടർന്ന് ബ്രാഹ്മണർ പൂർണ പുഷ്പാഞ്ജലി അർപ്പിച്ചു.ആടിയകളഭം പ്രസാദമായി നൽകിയശേഷം കുടിപതികൾക്ക് തിടപ്പള്ളിയിൽ വച്ച് കടുംപായസം ചേർത്തുള്ള തണ്ടിന്മേൽ ഊണ് നടത്തി.മണിത്തറ ശുചീകരിച്ച ശേഷം അമ്മാക്കൽ തറയിൽ തൃച്ചന്ദനപ്പൊടി അഭിഷേകം ചെയ്തതോടെ ഭണ്ഡാരം തിരിച്ചെഴുന്നളളിക്കാനുള്ള ചടങ്ങുകൾ തുടങ്ങി. സന്നിധാനത്ത്
തന്ത്രിയും ഓച്ചറും പന്തക്കിടാവും മാത്രമായപ്പോൾ തന്ത്രി യാത്രാബലി നടത്തി.പാമ്പറപ്പാൻ തോടുവരെ നിശ്ചിത സ്ഥാനങ്ങളിൽ ഹവിസ് തൂകി കർമ്മങ്ങൾ നടത്തിയ ശേഷം കായട്ട പന്തക്കിടാവിന് കൈമാറി തിരിഞ്ഞു നോക്കാതെ തന്ത്രി പുറത്തേക്ക് കടന്നു പോയതോടെ ഉത്സവത്തിന്റെ താന്ത്രിക കർമങ്ങൾ പൂർത്തിയായി.
മുതിരേരിവാൾ തിരിച്ചെഴുന്നളളിച്ചു. ദേവീദേവന്മാരുടെ ബലിബിംബങ്ങൾ ഇക്കരെ ക്ഷേത്രത്തിൽ എത്തിച്ചു. ചപ്പാരം വാളുകളും ഭണ്ഡാരവും മണത്തണയിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. ഇന്നലെ 'വറ്റടി' നാളിൽ സ്ഥാനിക ബ്രാഹ്മണർ അക്കരെ പ്രവേശിച്ച് അഷ്ടബന്ധം കൊണ്ട് സ്വയംഭൂവിഗ്രഹത്തെ ആവരണം ചെയ്ത് ഒരു ചെമ്പ് ചോറ് നിവേദ്യമായി സമർപ്പിച്ച് സന്നിധാനത്തിൽ നിന്നും മടങ്ങിയതോടെ 28 ദിവസങ്ങളിലായി നടന്നുവന്ന വൈശാഖ മഹോത്സവത്തിന് സമാപനമായി.

Advertisement
Advertisement