ജനനം കര്‍ഷക കുടുംബത്തില്‍, ഓട്ടോയും ടാക്‌സിയും ഓടിച്ചു; ഇപ്പോള്‍ ആസ്തി 800 കോടി

Tuesday 18 June 2024 10:48 PM IST

വളരെ സാധാരണ ചുറ്റുപാടില്‍ നിന്ന് വളര്‍ന്നുവരികയും പിന്നീട് ശതകോടീശ്വരന്‍മരായി മാറുകയും ചെയ്ത നിരവധി വ്യക്തികളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. അത്തരത്തിലൊരു കഥ തന്നെയാണ് കര്‍ണാടകയിലെ ബെല്ലാരെ സ്വദേശി സത്യശങ്കറിന്റേയും. നിരന്തരമായ കഠിനാധ്വാനവും പരിശ്രമവും ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന സത്യശങ്കറിനെ ഇന്ന് 800 കോടി ആസ്തിയുള്ള വ്യവസായിയാക്കി മാറ്റിയിരിക്കുകയാണ്. ഒരു നാടോടിക്കഥ പോലെ മനോഹരമാണ് സത്യശങ്കറിന്റെ വളര്‍ച്ചയും.

നേരത്തെ സൂചിപ്പിച്ചത് പോലെ ഒരു സാധാരണ കര്‍ഷക കുടുംബത്തിലായിരുന്നു സത്യശങ്കറിന്റെ ജനനം. ഇന്ന് വിപണിയില്‍ ആഗോള ഭീമന്‍മാരുടെ ഒപ്പം മത്സരിക്കുന്ന ഒരു ബ്രാന്‍ഡിന്റെ ഉടമയാണ് ബിന്ദു ഫിസ് ജീരാ മസാല എന്ന കാര്‍ബണേറ്റഡ് ഡ്രിംങ്ക് കമ്പനി ഉടമ സത്യശങ്കര്‍. തന്റെ തുടക്കകാലത്ത് ഉപജീവന മാര്‍ഗമായി സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷ ഓടിച്ചിരുന്നു അദ്ദേഹം. ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് ഓട്ടോ വാങ്ങിയത്. കൃത്യം ഒരു വര്‍ഷത്തിനുള്ളില്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞത് ജീവിതത്തില്‍ നിര്‍ണായകമായി മാറി.

പിന്നീട് ഓട്ടോറിക്ഷ വിറ്റ ശേഷം സ്വന്തമായി ഒരു അംബാസിഡര്‍ കാര്‍ വാങ്ങി ടാക്‌സിയായി ഓടിക്കാന്‍ തുടങ്ങി. എന്നാല്‍ ഇവിടെയും തൃപ്തനാകാതിരുന്ന അദ്ദേഹം പിന്നീട് ഒരു ഓട്ടോമൊബൈല്‍ ഗ്യാരേജ് വ്യവസായത്തിലേക്ക് ചുവട്മാറ്റി ഭാഗ്യം പരീക്ഷിച്ചു. പിന്നീട് അദ്ദേഹം ഒരു ടയര്‍ ഡീലര്‍ഷിപ്പും, ഓട്ടോമൊബൈല്‍ ഫിനാന്‍സ് കമ്പനിയും സ്ഥാപിച്ചു. തന്റെ ബിസിനസുകളില്‍ ശങ്കര്‍ മെച്ചപ്പെട്ട നിലയില്‍ ആയിരുന്നെങ്കിലും, കൂടുതല്‍ വളരണമെന്ന മോഹം അദ്ദേഹത്തെ മുന്നോട്ട് നയിച്ചു.

2000ത്തിന്റെ തുടക്കത്തില്‍ നടത്തിയ ഒരു ഉത്തരേന്ത്യന്‍ യാത്രയാണ് ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന വഴിത്തിരിവിന് കാരണമായി മാറിയത്. യാത്രയ്ക്കിടെ കുടിച്ച ജീരയുടെ (ജീരകം) സ്വാദ് അദ്ദേഹത്തിന് നന്നായി ബോധിക്കുകയായിരുന്നു. ഇതൊരു പാനിയമാക്കിയാല്‍ നല്ലതായിരിക്കുമെന്ന് അദ്ദേഹത്തിനു തോന്നി. വിപണിയില്‍ ഈ പാനീയത്തിന്റെ വന്‍ സാദ്ധ്യതകള്‍ മനസ്സില്‍ക്കണ്ടായിരുന്നു അദ്ദേഹത്തിന്റെ നീക്കം. ശങ്കര്‍ 2002 -ല്‍ ബിന്ദു ഫിസ് ജീര മസാല എന്ന് സ്ഥാപനത്തിനു തുടക്കമിട്ടു. പാനീയത്തിന്റെ രുചിയും ഉന്മേഷദായക ഗുണങ്ങളും പെട്ടെന്ന് തന്നെ ജനശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു.

ആറ് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ വിറ്റുവരവ് 6കോടി രൂപയിലേക്ക് എത്തി. പിന്നീട് 2010 ആയപ്പോഴേക്കും അതിശയിപ്പിക്കുന്ന നൂറ് കോടി രൂപയുടെ വിറ്റുവരവിലേക്ക് കമ്പനി വളര്‍ന്നു. 2015 മുതല്‍ വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ആരംഭിച്ചു. ഗള്‍ഫ് മേഖലയിലേക്കും സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്കും കയറ്റുമതി നടത്താന്‍ സാധിച്ചു. ഇതോടെ കമ്പനിയുടെ വരുമാനത്തിലും വലിയ കുതിപ്പുണ്ടായി. 2023ലെ വിവരം അനുസരിച്ച് 800 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

Advertisement
Advertisement