രാജ്യസഭ: ജോസും സുനീറും ബീരാനും തിരഞ്ഞെടുക്കപ്പെട്ടു

Wednesday 19 June 2024 1:04 AM IST

തിരുവനന്തപുരം:സംസ്ഥാനത്തു നിന്ന് രാജ്യസഭാംഗങ്ങളായി ജോസ് .കെ.മാണി (കേരളാ കോൺഗ്രസ് എം),പി.പി.സുനീർ (സിപിഐ),ഹാരിസ് ബീരാൻ (മുസ്ലിം ലീഗ്) എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുത്തു.പത്രിക പിൻവലിക്കാനുള്ള അവസാന സമയംകഴിഞ്ഞും മൂന്ന് ഒഴിവുകളിലേക്ക് മൂന്നുപേർ മാത്രം അവശേഷിച്ച സാഹചര്യത്തിലാണ് ഇവരെ വിജയികളായി വരണാധികാരി പ്രഖ്യാപിച്ചത്.

25നാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. സി.പി.ഐയുടെ ബിനോയ് വിശ്വം,സി.പി.എമ്മിന്റെ എളമരം കരിം,കേരളകോൺഗ്രസ് നേതാവ് ജോസ് കെ.മാണി എന്നിവരുടെ കാലാവധി ജൂലായ് ഒന്നിന് അവസാനിക്കുന്ന സാഹചര്യത്തിലായിരുന്നു തിരഞ്ഞെടുപ്പ് .രാജ്യസഭയിൽ കേരളത്തിൽ നിന്ന് ഒൻപത് എംപിമാരാണുള്ളത്.നിലവിൽ സി.പി.എമ്മിന്റെ എ.എ.റഹിം,ജോൺ ബ്രിട്ടാസ്,വി.ശിവദാസൻ,കോൺഗ്രസിന്റെ ജെബി മേത്തർ , സി.പി.ഐയുടെ സന്തോഷ് കുമാർ, മുസ്ലിം ലീഗിന്റെ അബ്ദുൽ വഹാബ് എന്നിവരാണ് രാജ്യസഭാംഗങ്ങൾ.

ബീരാൻ സുപ്രിം കോടതി അഭിഭാഷകൻ

തിരുവനന്തപുരം:കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് പേരിൽ മുസ്ലിം ലീഗിലെ ഹാരിസ് ബീരാൻ സുപ്രീംകോടതി അഭിഭാഷകനും ഡൽഹി കെഎംസിസി പ്രസിഡന്റുമാണ്. ആലുവ സ്വദേശി.ഇന്ത്യയിൽനിന്നുള്ള ഹജ് തീർഥാടകരുടെ സൗകര്യം മക്കയിൽ പരിശോധിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതിയിലും അംഗമായിരുന്നു.കളമശേരി രാജഗിരിയിൽനിന്ന് സ്‌കൂൾ വിദ്യാഭ്യാസവും എറണാകുളം മഹാരാജാസ് കോളേജിൽ പ്രീഡിഗ്രി വിദ്യാഭ്യാസവും എറണാകുളം ഗവ. ലോകോളജിൽനിന്നു നിയമബിരുദവും നേടി.1998ൽ ഡൽഹിയിൽഅഭിഭാഷകനായി. മുൻ അഡീഷനൽ അഡ്വക്കറ്റ് ജനറൽ വി.കെ.ബീരാന്റെയും കാലടിശ്രീ ശങ്കരാചാര്യ കോളജിലെ മുൻ പ്രൊഫസർ ടി.കെ.സൈനബയുടെയും മകനാണ്. ടാനിയയാണ് ഭാര്യ. മക്കൾ:ആര്യൻ,അർമാൻ.

ജോസ് കെ. മാണി

കെ.എം.മാണിയുടെ മകനും കേരളകോൺഗ്രസ് (എം) ചെയർമാനുമായ ജോസ് കെ.മാണി യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി,വൈസ് ചെയർമാൻ പദവികളും വഹിച്ചിട്ടുണ്ട്. നിഷയാണ് ഭാര്യ. മക്കൾ പ്രിയങ്ക,റിതിക,കുഞ്ഞുസമാണി.

പി.പി.സുനീർ

പൊന്നാനി സ്വദേശിയായ സുനീർ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ്. നിലവിൽ ഹൗസിങ് ബോർഡ് വൈസ് ചെയർമാൻ. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിക്കെതിരെ വയനാട്ടിൽനിന്നും മത്സരിച്ചു. വെളിയങ്കോട് മുളമുക്കിലെ കമ്യൂണിസ്റ്റ് കുടുംബാംഗമാണ്. വെളിയങ്കോട് ഗവ. ഹൈസ്‌കൂളിലും എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലും തൃശൂർ കേരളവർമ കോളേജിലും വിദ്യാഭ്യാസം.ഭാര്യ ഷാഹിന അധ്യാപികയാണ്. 3 മക്കൾ.

Advertisement
Advertisement