പ്രിയങ്ക എത്തുന്നതോടെ പാർലമെന്റിൽ ഗാന്ധി കുടുംബത്തിലെ 3 പേർ

Wednesday 19 June 2024 1:08 AM IST

ന്യൂഡൽഹി: ജയമുറപ്പുള്ള വയനാട്ടിൽ പ്രിയങ്ക സ്ഥാനാർത്ഥിയാകുന്നതോടെ ഗാന്ധി കുടുംബത്തിലെ മൂന്നു പേർ പാർലമെന്റിലുണ്ടാകാൻ വഴി തെളിഞ്ഞു. സോണിയാ ഗാന്ധി രാജ്യസഭാംഗമാണ്. മകൻ രാഹുൽ വീണ്ടും ലോക്സഭയിൽ അംഗമായി.മകൾ പ്രിയങ്ക താമസിയാതെ എത്തും.

കോൺഗ്രസിൽ കുടുംബാധിപത്യമെന്ന് പ്രധാനമന്ത്രി അടക്കം ബി.ജെ.പി നേതാക്കൾ നിരന്തരം വിമർശിക്കുന്നതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രിയങ്ക വിമുഖത കാട്ടിയിരുന്നു. എന്നാൽ, വയനാട്ടുകാരെയും കേരളത്തിനെയും തൃപ്‌തിപ്പെടുത്താൻ പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം അനിവാര്യമാണെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു.

അഞ്ചു വർഷം വയനാട്ടിലെ ജനങ്ങൾ നൽകിയ സ്നേഹവും വാത്സല്യവും മറക്കില്ലെന്നാണ് രാഹുൽ പ്രതികരിച്ചത്. ബന്ധം ജീവിതകാലം മുഴുവൻ തുടരും. വയനാടിനെ പ്രിയങ്ക മികച്ച രീതിയിൽ സേവിക്കുമെന്നുറപ്പ്. ഇടയ‌്ക്കിടെ അവിടെ പോകും. പാർട്ടി വ്യത്യാസമില്ലാതെ സ്‌നേഹിച്ച ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ നിറവേറ്റുമെന്നും രാഹുൽ പറഞ്ഞു.

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ അഭാവം അറിയാതെ പ്രവർത്തിക്കുമെന്ന ഉറപ്പാണ് പ്രിയങ്ക നൽകുന്നത്.

2004, 2009 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ സോണിയയ്‌ക്കും രാഹുലിനുമായി പ്രചാരണത്തിനിറങ്ങിയ പ്രിയങ്ക 2019ലാണ് കിഴക്കൻ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി രാഷ്‌ട്രീയത്തിലിറങ്ങുന്നത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ താരപ്രചാരകയായിരുന്നു.പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പി ആക്രമണം തുടങ്ങി. കുടുംബാംഗങ്ങളെ ഓരോന്നായി ഉളുപ്പില്ലാതെ വയനാട്ടിലെ വോട്ടർമാരിൽ അടിച്ചേൽപ്പിക്കുന്നത് വല്ലാത്ത ഒരേർപ്പാടാണെന്ന് മുൻ കേന്ദ്രമന്ത്രിയും തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാർത്ഥിയുമായിരുന്ന രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.

Advertisement
Advertisement