ബി.ജെ.പി സംസ്ഥാന അവലോകനം 29ന്

Thursday 20 June 2024 4:49 AM IST

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻ മുന്നേറ്റം വിലയിരുത്താനും പാലക്കാട്,ചേലക്കര ഉപതിരഞ്ഞെടുപ്പുകളിൽ പാർട്ടി നിലപാട് തീരുമാനിക്കാനുമായി ബി.ജെ.പി.സംസ്ഥാന നേതൃയോഗം 29ന് കൊച്ചിയിൽ ചേരും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് ബി.ജെ.പി.സമ്പൂർണ്ണ നേതൃയോഗം ചേരുന്നത്.

പാർട്ടി ഏറെ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പുകളിലും രണ്ടാംസ്ഥാനത്തെത്തിയ പാലക്കാട്.

സംസ്ഥാനത്തു നിന്നുള്ള കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ്ജ് കുര്യനും പാലക്കാട്ട് വൻ സ്വീകരണം നൽകാനും പാർട്ടി തീരുമാനിച്ചിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അറിയിച്ചു.

അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21ന് എല്ലാ മണ്ഡലങ്ങളിലും വിപുലമായ യോഗ പരിപാടികൾ നടത്തും. അടിയന്തരാവസ്ഥയുടെ വാർഷികമായ 25ന് വിവിധ പരിപാടികൾ നടത്തും. പാർട്ടി സ്ഥാപകനേതാക്കളിൽ ഒരാളായ ശ്യാമപ്രസാദ് മുഖർജിയെ അനുസ്മരിച്ച് ജൂൺ 23 മുതൽ ജൂലായ് 6 വരെ പരിപാടികളും, ബൂത്ത് തലത്തിൽ സമ്മേളനങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Advertisement
Advertisement