വയനാട് തുരങ്കപ്പാത ഈ വർഷം തുടങ്ങും: മന്ത്രി റിയാസ്

Thursday 20 June 2024 12:48 AM IST

തിരുവനന്തപുരം: കോഴിക്കോട് - വയനാട് - മൈസൂർ യാത്ര സുഗമമാക്കുന്നതിനുള്ള ആനയ്ക്കാം പൊയിൽ - കള്ളാടി തുരങ്കപ്പാതയുടെ നിർമ്മാണം ഈ വർഷം തുടങ്ങുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ധനാഭ്യർത്ഥന ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പാതയുടെ ടെൻഡർ വിജ്ഞാപനമായി. ടെക്നിക്കൽ ബിഡ് പരിശോധന തുടങ്ങി. പദ്ധതിക്കായി 2043.70 കോടി അനുവദിച്ചു. സർക്കാരിന്റെ സ്വപ്നപദ്ധതിയാണ് വയനാട് തുരങ്കപ്പാത.

ദേശീയപാതയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. തലപ്പാടി മുതൽ വളാഞ്ചേരിവരെ പാത ഗതാഗതത്തിന് തുറന്നു. മലയോര ഹൈവേ 149 കിലോമീറ്റർ പൂർത്തിയായി. 733 കിലോമീറ്ററാണ് ആകെ നീളം. ഇതിനായി 3505 കോടി അനുവദിച്ചു. 1288 കോടി ചെലവായി.

ലെവൽക്രോസില്ലാത്ത കേരളം പദ്ധതിയിൽ അഞ്ച് റെയിൽവേ മേൽപാലങ്ങൾ പൂർത്തിയായി. ഒമ്പതെണ്ണം ഈ വർഷം പൂർത്തിയാകും. ശബരിമല റോഡ് നവീകരണത്തിന് 355.65 കോടി നീക്കിവച്ചിട്ടുണ്ട്. ടൂറിസം മേഖലയിൽ കാരവൻപാർക്കുകൾ ഈ വർഷം തുറക്കും. ഡെസ്റ്റിനേഷൻ ചലഞ്ച് ടൂറിസം പദ്ധതി 30 കേന്ദ്രങ്ങളിൽ തുറക്കും. ജംഗ്ഷൻ നവീകരണ പദ്ധതിയിൽ 20 റോഡ് ജംഗ്ഷനുകൾ നവീകരിക്കാൻ 200 കോടി അനുവദിച്ചിട്ടുണ്ട്.

 ആരോടും ധാർഷ്ട്യമില്ല

പ്രതിപക്ഷത്തോട് ധാർഷ്ട്യമോ, ധിക്കാരമോ ആയി പെരുമാറിയിട്ടില്ലെന്ന് മന്ത്രി റിയാസ് പറഞ്ഞു. ആദരവോടെയാണ് എല്ലാവരോടും പെരുമാറിയിട്ടുള്ളത്. പരാതിയുണ്ടെങ്കിൽ തിരുത്തും. വ്യക്തിപരമായ ആക്രമണങ്ങൾക്ക് മറുപടി പറയുന്നില്ല. രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുമ്പോഴാണ് കർശന നിലപാട് എടുത്തത്. അത് തുടരും. ലോകസഭാതിരഞ്ഞെടുപ്പിൽ ജയിച്ചതോടെ പ്രതിപക്ഷത്തിന്റെ ഭാഷ മാറി. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള നിയമസഭാ മിനിട്സ് വായിച്ചാൽ ഈ അഹങ്കാരം തീരുമെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement