തമിഴ്നാട്ടിൽ വ്യാജമദ്യ ദുരന്തം:18 പേർക്ക് ദാരുണാന്ത്യം

Thursday 20 June 2024 12:59 AM IST

ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് 18 പേർക്ക് ദാരുണാന്ത്യം. 60 പേർചികിത്സയിലാണ്. 10 പേരെ വിദഗദ്ധ ചികിത്സയ്ക്കായി പുതുച്ചേരി ജിപ്മറിലേക്ക് മാറ്റി. മൂന്നുപേർ വീട്ടിലാണ് മരിച്ചത്. ഒരാൾക്ക് വയറുവേദനയും ഒരാൾക്ക് അപസ്മാരവുമുണ്ടായി. രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
കരുണാകുളത്തു നിന്നാണ് ഇവർ മദ്യം കഴിച്ചതെന്നാണ് റിപ്പോർട്ട്. വ്യാജമദ്യം വിറ്റ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും സൂചനയുണ്ട്. മരിച്ചവരെല്ലാം കൂലിപ്പണിക്കാരാണ്. വ്യാജ മദ്യം കഴിച്ചുടൻ ഇവർ അസ്വസ്ഥത പ്രകടിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. തലവേദന, ഛർദ്ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവയുണ്ടായതോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധന കഴിഞ്ഞാലേ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.

അതേസമയം മരിച്ചവരിൽ ഒരാൾ മദ്യപാനിയായിരുന്നില്ലെന്ന് കള്ളക്കുറിച്ചി ജില്ല കളക്ടർ ശ്രാവൺ കുമാർ ശെഖാവത് അറിയിച്ചു. മറ്റ് രണ്ടു പേർ വയറിളക്കത്തെ തുടർന്നാണ് മരിച്ചത്. രക്ത പരിശോധയുടെ ഫലം ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

 കള്ളക്കുറിച്ചി കളക്ടറെ മാറ്റി

ദുരന്തത്തിന് പിന്നാലെ കള്ളക്കുറിച്ചി ജില്ലാ കളക്ടർ ശ്രാവൺ കുമാർ ശെഖാവത്തിനെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സ്ഥലം മാറ്റി. സ്ഥലം എസ്.പിയെയും പൊലീസ് ലഹരി വിരുദ്ധ വിഭാഗത്തിലെ മുഴുവൻ ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്‌തു. അന്വേഷണം സി.ബി.സി.ഐ.ഡിക്ക് കൈമാറാനും സർക്കാർ ഉത്തരവിട്ടു. സംഭവം ഞെട്ടിക്കുന്നതാണെന്നും ഉത്തരവാദിത്വം ഏറ്റെടുത്ത് എക്‌സൈസ് മന്ത്രി രാജിവയ്ക്കണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ ആവശ്യപ്പെട്ടു.

Advertisement
Advertisement