ഡൽഹി ഹൈക്കോടതിയിൽ അഞ്ചു മണിക്കൂർ വാദം: കേജ്‌രിവാളിന്റെ മോചനത്തിന് സ്റ്റേ

Saturday 22 June 2024 4:40 AM IST

ന്യൂഡൽഹി: മദ്യനയ കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വിചാരണ കോടതി നൽകിയ ജാമ്യം ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്‌തു. വ്യാഴാഴ്‌ചത്തെ ജാമ്യ ഉത്തരവ് ചോദ്യം ചെയ്‌ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റാണ് (ഇ.ഡി) ഡൽഹി ഹൈക്കോടതിയിൽ ഇന്നലെ അപ്പീൽ നൽകിയത്. ഇതിൽ അന്തിമ വിധിവരുന്നത് വരെയാണ് സ്റ്റേ.

ഇ.ഡിയുടെയും കേജ്‌രിവാളിന്റെയും വാദങ്ങൾ അഞ്ചുമണിക്കൂർ നീണ്ടു. തുടർന്നാണ് ജസ്റ്റിസ് സുധീർ കുമാർ ജെയിന്റെ അദ്ധ്യക്ഷതയിലുള്ള അവധിക്കാല ബെഞ്ച് മൂന്നു ദിവസത്തിന് ശേഷം ഉത്തരവിറക്കും വരെ ജാമ്യം സ്റ്റേ ചെയ്തത്. കേജ്‌രിവാൾ ഇന്നലെ തിഹാർ ജയിലിൽ നിന്ന് മോചിതനാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് സ്റ്റേ.

ജാമ്യം നൽകിയ വിചാരണ കോടതി ഉത്തരവ് തല തിരിഞ്ഞതാണെന്ന് ഇ.ഡിക്കായി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ (എ.എസ്.ജി) എസ്.വി. രാജു പറഞ്ഞു. വിചാരണ കോടതി കേസവതരിപ്പിക്കാൻ സാവകാശം നൽകിയില്ല. തങ്ങളുടെ വാദം മുഴുവൻ പഠിക്കാൻ സമയമില്ലെന്നും വിചാരണ കോടതി പറഞ്ഞു. കേജ്‌രിവാളിന്റെ അഭിഭാഷകന് പുതിയ കാര്യങ്ങൾ സമർപ്പിക്കാനും അവസരം നൽകി.

 കേജ്‌രിവാളിനെതിരെ തെളിവുണ്ട്

ഇ.ഡി പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നതെന്നും നേരിട്ട് തെളിവൊന്നും കാണിച്ചിട്ടില്ലെന്നും വിചാരണ കോടതി ജഡ്ജി നിയയ് ബിന്ദു ചൂണ്ടിക്കാട്ടിയതും എസ്.വി. രാജു ചോദ്യം ചെയ്‌തു. കേജ്‌രിവാൾ 100 കോടി ആവശ്യപ്പെട്ടതിനുള്ള തെളിവ് മൊഴിയുടെ രൂപത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അന്വേഷണ ഏജൻസി തെളിവ് കണ്ടെത്തുന്നതു വരെ പ്രതികളെ അനിശ്ചിതകാലത്തേക്ക് ജയിലിൽ അടയ്ക്കാനാകില്ലെന്ന് കേജ്‌രിവാളിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോ. അഭിഷേക് മനു സിംഗ്‌വി പറഞ്ഞു. പ്രതികൂല ഉത്തരവ് പുറപ്പെടുവിച്ചതിന് എ.എസ്.ജി ജഡ്ജിയെ അപകീർത്തിപ്പെടുത്തിയത് ദൗർഭാഗ്യകരമാണ്. ജാമ്യ ഉത്തരവ് സ്റ്റേ ചെയ്യുന്നത് റദ്ദാക്കുന്നതിന് തുല്യമാണ്. വിചാരണക്കോടതി വിവേചനാധികാരത്തോടെ പുറപ്പെടുവിച്ച ഉത്തരവിൽ ഇടപെടാൻ ഹൈക്കോടതിക്കാകില്ലെന്നും അദ്ദേഹം വാദിച്ചു.

Advertisement
Advertisement