പാചകവാതകത്തിന് മസ്റ്ററിംഗ് നിർബന്ധം

Thursday 27 June 2024 1:46 AM IST

കൊച്ചി: സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്റെ കൈയിലാണെന്നുറപ്പിക്കാൻ ഗ്യാസ് കണക്ഷൻ മസ്റ്ററിംഗ് (ഇ.കെ.വൈ.സി അപ്‌ഡേഷൻ) നിർബന്ധമാണ്. അവസാന തീയതി കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിച്ചേക്കും. അതുകഴിഞ്ഞ് മസ്റ്ററിംഗ് നടത്താത്തവർക്ക് സിലണ്ടർ ബുക്ക് ചെയ്യാനായേക്കില്ല.

പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലുള്ളവരാണ് അപ്‌ഡേഷൻ ചെയ്യേണ്ടത് എന്നായിരുന്നു ധാരണ. എന്നാൽ എല്ലാവരും ചെയ്യണമെന്ന് വിതരണ കമ്പനികൾ വ്യക്തമാക്കി. മസ്റ്ററിംഗ് ആരംഭിച്ച് രണ്ടു മാസം പിന്നിട്ടിട്ടും ആളുകൾ മടിച്ചു നിൽക്കുന്നതിനാലാണ് ഇൻഡേൻ, ഭാരത്, എച്ച്.പി കമ്പനികൾ മസ്റ്ററിംഗ് നിർബന്ധമാണെന്ന മുന്നറിയിപ്പ് നൽകുന്നത്. 8,500 ഉപഭോക്താക്കളുള്ള കൊച്ചിയിലെ ഒരു ഏജൻസിയിൽ ഇതുവരെ മസ്റ്ററിംഗ് നടത്തിയത് 500ൽ താഴെ മാത്രം. സംസ്ഥാനത്താകെ ഇതാണ് അവസ്ഥ.

മസ്റ്ററിംഗ് എങ്ങനെ?

 ആധാർ കാർഡ്, ഗ്യാസ് കണക്ഷൻ ബുക്ക് എന്നിവയുമായി ഏജൻസിയിലെത്തുക

 ബയോമെട്രിക് പഞ്ചിംഗ് സംവിധാനമടക്കം ഏജൻസികളിൽ ഏർപ്പെടുത്തിയിട്ടുണ്ട്

 രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് ഇ.കെ.വൈ.സി അപ്ഡേറ്റായെന്ന് സന്ദേശമെത്തും

 വിതരണ കമ്പനികളുടെ ആപ്പിലൂടെയും മസ്റ്ററിംഗ് നടത്താം

 കമ്പനികളുടെ ആപ്പും ആധാർ ഫേസ് റെക്കഗ്നിഷൻ ആപ്പും ഡൗൺലോഡ് ചെയ്യണം

 കണക്ഷൻ മാറ്റാനും മസ്റ്ററിംഗ്

കണക്ഷൻ ഉടമ കിടപ്പു രോഗിയോ സമാന സാഹചര്യത്തിലോ ആണെങ്കിൽ അതേ റേഷൻ കാർഡിലുൾപ്പെട്ട മറ്റൊരാൾക്ക് മസ്റ്ററിംഗ് ചെയ്യാം. ഇതിനായി അയാളുടെ പേരിലേക്ക് കണക്ഷൻ മാറ്റണം. അതിന് ഗ്യാസ് ബുക്ക്, ആധാർ കാർഡിനൊപ്പം റേഷൻ കാർഡുകൂടി വേണം.

'മസ്റ്ററിംഗ് വേഗത്തിലാക്കാൻ ക്യാമ്പുകൾ ഉൾപ്പെടെ നടത്തുന്നുണ്ട്".
-ഇൻഡേൻ ഗ്യാസ് അധികൃതർ

'ഇ.കെ.വൈ.സി അപ്‌ഡേഷൻ നടപടികൾ വേഗത്തിലാക്കാൻ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്".
-ഭാരത് ഗ്യാസ് സ്റ്റേറ്റ് ഹെഡ് ഓഫീസ്

Advertisement
Advertisement