തകരുന്നത് ഏഴംകുളത്തിന്റെ കായിക സ്വപ്‌നങ്ങൾ, അറുകാലിക്കൽ സ്റ്റേഡിയത്തിൽ അവഗണനയുടെ കളി

Thursday 27 June 2024 12:28 AM IST
വെള്ളക്കെട്ടുകൾ നിറഞ്ഞ അറുകാലിക്കൽ സ്റ്റേഡിയം

അടൂർ : ഏഴംകുളം ഗ്രാമപഞ്ചായത്തിലെ അറുകാലിക്കൽ പഞ്ചായത്ത്‌ സ്റ്റേഡിയം അവഗണനയി​ൽ. മഴക്കാലമായതോടെ വെള്ളക്കെട്ടായി​. ആധുനിക രീതിയിലുള്ള സ്റ്റേഡിയം നിർമ്മിക്കുമെന്ന പ്രഖ്യാപനത്തിൽ പ്രതീക്ഷയോടെ കാത്തിരുന്ന കായികപ്രേമികൾ ഇപ്പോൾ കടുത്ത നിരാശയിലാണ്. 2015 - 20 ഭരണസമിതി കാലയളവ് മുതൽ പഞ്ചായത്ത്‌ സ്റ്റേഡിയത്തിന്റെ ആധുനികവത്കരണം കായികപ്രേമികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടികൾ ഉണ്ടായില്ല.

വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഡിയം ആധുനികവത്കരിക്കുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് അറിയിച്ചിട്ട് മൂന്നുവർഷം പിന്നിടുകയാണ്.

നവീകരണം നടപ്പിലായാൽ കായിക മേളകൾക്കും സാമൂഹിക സാംസ്കാരിക സമ്മേളനങ്ങൾക്കും പ്രധാന വേദിയാക്കാൻ കഴിയുന്ന സ്ഥലമായി അറുകാലിക്കൽ സ്റ്റേഡിയം മാറും. പഞ്ചായത്ത് തലത്തിലുള്ള കേരളോത്സവവും സ്പോർട്സ് മീറ്റുകളും നടക്കുന്ന സ്റ്റേഡിയമാണിത്.

ബഡ്ജറ്റിൽ 8 ലക്ഷം

കഴിഞ്ഞ ബഡ്ജറ്റിൽ സ്റ്റേഡിയത്തിനായി 8 ലക്ഷം രൂപയുടെ പദ്ധതി വച്ചിരുന്നു. എന്നാൽ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം തുടർ നടപടിയുണ്ടായില്ല. എങ്കിലും സ്റ്റേഡിയത്തിൽ വിനോദത്തിനായി എത്തുന്നവർ പ്രതീക്ഷവച്ചു പുലർത്തുന്നുണ്ട്.

നാടിന്റെ ആവശ്യമായ സ്റ്റേഡിയം നവീകരണം ഉടൻ യാഥാർത്ഥ്യമാക്കും.

അഡ്വ.എ.താജുദീൻ

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ

ഏഴംകുളം പഞ്ചായത്ത്

Advertisement
Advertisement