ലോക്‌സഭ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ... ഇതുവരെ വേതനം കി​ട്ടാതെ സ്‌പെഷ്യൽ പൊലീസുകാർ

Thursday 27 June 2024 12:26 AM IST

കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും 'സ്പെഷ്യൽ പൊലീസ്' ഡ്യൂട്ടിയിലുണ്ടായിരുന്ന, ജില്ലയിലെ 2000ന് മുകളിൽ വരുന്നവർക്ക് ഇതുവരെ വേതനം ലഭിച്ചി​ല്ല. ദിവസം 1300 രൂപ വീതം രണ്ടുദിവസത്തെ ശമ്പളമായി 2600 രൂപയാണ് ലഭിക്കാനുള്ളത്.

തിരഞ്ഞെടുപ്പ് കമ്മി​ഷൻ പണം നൽകാത്തതാണ് വേതനം താമസിക്കുന്നതെന്നാണ് വിശദീകരണം.

തിരഞ്ഞെടുപ്പിൽ പൊലീസിന്റെ ക്ഷാമം പരിഹരിക്കാൻ ഏപ്രിൽ 16നാണ് സംസ്ഥാനമൊട്ടാകെ കാൽ ലക്ഷം സ്പെഷ്യൽ പൊലീസിനെ നിയമിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്. വിദ്യാർത്ഥികൾ, എൻ.എസ്.എസ് വോളണ്ടിയർമാർ, എസ്.പി.സി കേഡറ്റുകൾ, സിവിൽ ഡിഫൻസ് അംഗങ്ങൾ, വിമുക്ത ഭടന്മാർ, പൊലീസിൽ നിന്ന് വിരമിച്ചവർ എന്നിവർക്കായിരുന്നു നിയമനം. മുൻവർഷങ്ങളിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ, ഇവർ ജോലി ചെയ്ത പോളിംഗ് ബൂത്തിന് സമീപത്തെ പൊലീസ് സ്റ്റേഷനിൽ നിന്ന് വേതനത്തുക നൽകുന്നതായിരുന്നു പതിവ്. എന്നാൽ ഇത്തവണ വേതനം അക്കൗണ്ടിൽ വരുമെന്ന് പറഞ്ഞ്, അക്കൗണ്ട് വിവരങ്ങൾ വാങ്ങിയ ശേഷം ഇവരെ തിരിച്ചയയ്ക്കുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും പണം കിട്ടാതായതോടെ വിവരം തിരക്കിയപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ല.
തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന സ്പെഷ്യൽ പൊലീസ് ഓഫീസർമാർക്കുള്ള വേതനത്തുക പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലേക്കും അവിടെ നിന്ന് ജില്ലാ പൊലീസ്‌ മേധാവിമാർക്കും കൈമാറും. തുടർന്ന് ഡിവൈ.എസ്.പിമാരിലൂടെ അതത് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു പതിവ്.

വോട്ട് ചെയ്യാനുമായില്ല

സ്പെഷ്യൽ പൊലീസ് ഓഫീസർമാരായി ജില്ലയിൽ ഡ്യൂട്ടി ചെയ്ത ഭൂരിഭാഗം പേർക്കും വോട്ടവകാശം വിനിയോഗിക്കാനായില്ല. സ്വന്തം പോളിംഗ് ബൂത്തിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ബൂത്തുകളിൽ വരെ ഡ്യൂട്ടി നൽകിയതാണ് കാരണം.

രണ്ട് ദി​വസത്തെ വേതനം ₹ 2600

Advertisement
Advertisement